ജലജീവന്‍ പൈപ്പിടലിനായ് കുഴിച്ചുതോടെ തകര്‍ന്നു, മഴപെയ്തതോടെ ചെഴിക്കുളമായി; കുറ്റിക്കണ്ടി മുക്ക്- മക്കാട്ട് താഴെ റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹം


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക്- മക്കാട്ട് താഴെ റോഡ് കാല്‍ നടയാത്ര പോലും ദുസഹമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തിയുടെ ഭാഗമായി റോഡില്‍ കുഴിയെടുത്തതോടെ പൊട്ടിപ്പൊളിഞ്ഞ നിലയാലായ റോഡ് മഴ കൂടെ പെയ്തതോടെ കാല്‍നടയാത്രപോലും ദുരിതത്തിലാവുന്ന അവസ്ഥയിലേക്ക് മാറുകയായിരുന്നു.

ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡ് സഞ്ചാര യോഗ്യമല്ലാതായതോടെ കിടപ്പുരോഗികളുള്‍പ്പെടെ ബുദ്ധിമുട്ടിലായി. നാലോളം കുംടുംബങ്ങളില്‍ കിടപ്പു രോഗികളുണ്ട്. യാത്ര ദുസ്സഹമായതോടെ പലിയെറ്റിവ് പ്രവര്‍ത്തകര്‍ക്ക് പോലും വീടുകളില്‍ എത്താനോ അവരെ ആശുപത്രിയിലേക്ക് മാറ്റനോ സാധിക്കാത്ത അവസ്ഥയാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന് ഫണ്ട് വകയിരുത്തി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതോരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.