മാര്‍ച്ച് മാസം കുടുംബത്തോടൊപ്പം കളറാക്കാം; ടൂർ പാക്കേജുകളുമായി കെ.സ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ, വനിതാ ദിനത്തിൽ വനിതകൾക്ക്‌ മാത്രമായി മലപ്പുറം പാക്കേജ്


കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ.സ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.

മാർച്ച് എട്ടിന് വയനാട് രാവിലെ 5.45 ന് പുറപ്പെട്ട് പഴശ്ശി സ്മൃതി മണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് മറ്റൊരു പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. മാർച്ച് ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം ഒരുക്കുന്ന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്ര ദർശനവും ബേക്കൽ കോട്ട സന്ദർശനവും ഒരുക്കിയിട്ടുണ്ട്.

21ന് പുറപ്പെടുന്ന പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരം ലഭിക്കും. മാർച്ച് ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടായിരിക്കും. മാർച്ച് 14, 29 തീയതികളിൽ പുറപ്പെടുന്ന ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവ സന്ദർശിക്കാൻ അവസരമുണ്ട്. കോഴിക്കോട് കടലുണ്ടി പക്ഷി സാങ്കേതത്തിലൂടെയുള്ള വഞ്ചി സവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപെടുത്തിയിട്ടുള്ള കടലുണ്ടി പാക്കേജ് മാർച്ച് ഒമ്പത്, 23 തീയതികളിൽ നടക്കും. സീ ഫുഡ്, വഞ്ചി സവാരി എന്നിവ പാക്കജിന്റെ ഭാഗമാണ്. രാവിലെ ആറിന് പുറപ്പെടുന്ന പാക്കേജ് രാത്രി ഒൻപതിന് തിരിച്ചെത്തും.

ആഡംബര നൗക യാത്ര നെഫർറ്റിറ്റി പാക്കേജ് മാർച്ച് 15 ന് രാവിലെ 5.30നു പുറപ്പെടും. കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂയിസിൽ യാത്ര ചെയ്ത് 16 ന് കണ്ണൂരിൽ തിരിച്ചെത്തും. അന്വേഷങ്ങൾക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളിൽ ബന്ധപ്പെടാം.

Description: KSRTC Kannur Depot with tour packages, Malappuram package for women only on women's day