ഇരുനില ബസ്സിന്റെ മുകളിലിരുന്ന് നഗരം ചുറ്റിക്കണ്ടാലോ? കോഴിക്കോട് ഡബിൾ ഡക്കർ ബസ് സർവ്വീസുമായി കെ.എസ്.ആർ.ടി.സി


കോഴിക്കോട്: തിരുവനന്തപുരത്തും എറണാകുളത്തും മാത്രമുള്ള കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് കോഴിക്കോട്ടേക്കും എത്തുന്നു. കോഴിക്കോട്ടെത്തുന്നവർക്ക് നഗരം ചുറ്റിക്കാണാനായാണ് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് അവതരിപ്പിക്കുന്നത്. നിരവധി ടൂർ പാക്കേജുകൾ അവതരിപ്പിച്ച് വിജയകരമായി മുന്നേറുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡബിൾ ഡക്കർ ബസ് കൊണ്ടുവരുന്നത്.

കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ്. ആദ്യഘട്ടത്തിൽ പ്ലാനറ്റേറിയം, തളി ക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക.

ഡബിൾ ഡക്കർ ബസ്സിൽ സഞ്ചാരികൾക്ക് ഉച്ചമുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. വെറും 200 രൂപയാകും ബസ് ചാർജ്. നേരത്തേ തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ വൻ വിജയമായിരുന്നു. പുതിയ പദ്ധതി കോഴിക്കോടിന്റെ ടൂറിസത്തിന് ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.