വ്യാജപോലീസ് ചമഞ്ഞ് യാത്രക്കാരുടെ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചു; കോഴിക്കോട് യുവാക്കളുടെ നാലംഗസംഘം പോലീസ് പിടിയില്‍


കോഴിക്കോട്: പോലീസ് ചമഞ്ഞ് യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈല്‍ഫോണും കവരുന്ന നാലംഗസംഘം പിടിയില്‍. പെരുമണ്ണ പാറമ്മല്‍ അന്‍ഷിദ് (19), ഒളവണ്ണ പൊക്കിലാടത്ത് മിഥുന്‍ (20), അരക്കിണര്‍ കളരിക്കല്‍ തെക്കെകോയ വളപ്പ് ആസിഫ് റഹ്മാന്‍ (21), തിരുവല്ല സ്വദേശി മുളമൂട്ടില്‍ അല്‍ അമീന്‍ (22) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്.

പോലീസ് ചമഞ്ഞ് പരിശോധനയ്‌ക്കെന്ന വ്യാജേന യാത്രക്കാരെ സമീപിച്ച് പണവും മൊബൈലും കവരുന്നതാണ് ഇവരുടെ രീതി. മാവൂര്‍ റോഡില്‍നിന്ന് പുതിയമ്പലത്തിലേക്കുള്ള റോഡിലാണ് വ്യജപോലീസ് സംഘം പരിശോധന നടപ്പാക്കിയത്. 15ന് രാത്രി 8.30ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരനില്‍നിന്ന് സംഘം 13,000 രൂപയും മൊബൈലും കവര്‍ന്നിരുന്നു.

ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ്, ജഗ്മോഹന്‍ദത്ത്, എം.കെ റസാഖ്, ബിജുമോന്‍, മനോജ്, അനൂപ്, ജിനേഷ്, ഷിബു, സതീശന്‍, എ.സി.പി. ടൗണ്‍ ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.