കോഴിക്കോട്ടെ ഡോക്ടറില്‍ നിന്നും നാലുകോടി തട്ടിയെടുത്ത സംഭവം; തട്ടിപ്പിന് പിന്നില്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍, സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും


കോഴിക്കോട്: നഗരത്തിലെ ഡോക്ടറില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചു നാലു കോടി രൂപയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ തട്ടിപ്പു സംഘത്തിനു പണം അയച്ച വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവിലാണെന്നു പൊലീസ് കണ്ടെത്തി.

തട്ടിപ്പു സംഘം രാജസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഏഴ് മാസം കൊണ്ടാണു ഡോക്ടറില്‍ നിന്നു 4,08,80,457 രൂപ തട്ടിയെടുത്തത്.നേരത്തെ ഡോക്ടര്‍ വിവിധ സംസ്ഥാനങ്ങളിലെ സമാന സമുദായങ്ങളിലെ പ്രവര്‍ത്തകര്‍ക്കു പണം സഹായമായി നല്‍കിയിരുന്നു. ചാരിറ്റി പ്രവര്‍ത്തനത്തിനുപയോഗിച്ച വെബ്‌സൈറ്റില്‍ നിന്നാണു പ്രതി ഡോക്ടറെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നു വിവരം ലഭിച്ചിട്ടുണ്ട്.

സൈബര്‍ തട്ടിപ്പു വഴി ജില്ലയില്‍ കഴിഞ്ഞ 20 മാസത്തിനിടയില്‍ 22 കോടി രൂപയിലേറെ കവര്‍ന്നതായി ഡപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ.പവിത്രന്‍ പറഞ്ഞു. തട്ടിപ്പില്‍ കുടുങ്ങിയാല്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടണം.