ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി; കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയില്‍


കൊയിലാണ്ടി: മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍. ചേമഞ്ചേരി ചാത്തനാടത്ത് താഴെവീട്ടില്‍ പി.പി.ശിഫാസിനെ (33) യാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വെച്ചാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കയ്യില്‍ നിന്നും കൃത്രിമ മുടി, പെപ്പര്‍ സ്‌പ്രേ എന്നിവ പിടിച്ചെടുത്തു. സമാനരീതിയില്‍ മോഷണത്തിനെത്തിയതാണെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ജ്വല്ലറി ജീവനക്കാരനായ അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) കൊല്ലപ്പെട്ടത്. മംഗളുരു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ‘മംഗളുരു ജ്വലേര്‍സ്’ കടയില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അക്രമിയെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കറുത്ത ടീ ഷര്‍ടും നീല ജീന്‍സ് പാന്റും കറുത്ത മുഖംമൂടിയും കണ്ണടയും ധരിച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് അന്ന് പുറത്തുവിട്ടത്. കൊലയാളിക്കായി കേരളത്തിലടക്കം പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ശിഫാസ് പിടിയിലായത്.

കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.ബി അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ സിപിഒ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, സുജിത്ത്, സജീഷ്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.