”ഒരിക്കല്‍ സംസാരിച്ചാല്‍ അവളോട് വീണ്ടും സംസാരിക്കണമെന്ന് തോന്നും,ഏവരേയും അതിശയിപ്പിക്കുന്ന പെരുമാറ്റം ”; ബിഗ് ബോസ് ഫൈനലിസ്റ്റ് ദില്‍ഷയുടെ അധ്യാപകനായിരുന്ന കൊയിലാണ്ടി ആര്‍ട്‌സ് കോളേജിലെ ഷെജില്‍ പറയുന്നു


കൊയിലാണ്ടി: ഇത്തവണത്തെ ബിഗ്ബോസ് കിരീടം ചൂടുമെന്ന പ്രതീക്ഷിക്കുന്ന മത്സ്യരാര്‍ത്ഥികളിലൊരാളായ ദില്‍ഷ പ്രസന്നന്‍ ആരെയും വേദനിപ്പിക്കാത്ത മാന്യമായ പെരുമാറ്റത്തിലൂടെയാണ് പ്രേക്ഷക മനം കവര്‍ന്നത്. വിദ്യാര്‍ത്ഥി ആയിരുന്ന കാലം തൊട്ടേ പെരുമാറ്റം കൊണ്ട് ദില്‍ഷ ഏവരേയും അതിശയിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ആര്‍ട്സ് കോളേജില്‍ ദില്‍ഷയുടെ അധ്യാപകനായിരുന്ന ഷിജില്‍.

പഠനകാര്യത്തില്‍ വലിയ മികവൊന്നും പുലര്‍ത്തിയിരുന്നില്ലെങ്കിലും തന്റെ പെരുമാറ്റംകൊണ്ട് അധ്യാപകരുടെ മനസുകവരാന്‍ ദില്‍ഷയ്ക്ക് കഴിഞ്ഞിരുന്നു. പ്ലസ് ടുവിനാണ് ദില്‍ഷ അവിടെ പഠിച്ചത്. ആവറേജ് സ്റ്റുഡന്റായിരുന്നു. പക്ഷേ അന്നേ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു. ഒരിക്കല്‍ ഒരാളുമായി സംസാരിച്ചാല്‍ അവളോട് വീണ്ടും സംസാരിക്കണമെന്ന് തോന്നുന്ന രീതിയിലായിരുന്നു ആളുകളോട് പെരുമാറുക. എല്ലാവരോടും നല്ല രീതിയില്‍ അടുപ്പം കാണിക്കും. അധ്യാപകരുമായെല്ലാം നല്ല ബഹുമാനവും അടുപ്പവും കാണിച്ചിരുന്നതായും അദ്ദേഹം ഓര്‍ക്കുന്നു.

ദില്‍ഷയുടെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു ഷിജില്‍. ദില്‍ഷ റിയാലിറ്റി ഷോയായ ഡിഫോര്‍ ഡാന്‍സില്‍ പങ്കെടുക്കുന്നതിനു മുമ്പായിരുന്നു ആര്‍ട്സില്‍ പഠിച്ചത്. എങ്കിലും ഡാന്‍സ് പ്രാക്ടീസിനും പ്രോഗ്രാമുകള്‍ക്കുമായി പലപ്പോഴും അവധിയെടുക്കേണ്ടിവന്നിരുന്നു. നീണ്ട അവധിയെടുക്കേണ്ട പ്രശ്നം വരുന്നതിനാല്‍ അച്ഛനും അമ്മയുമൊക്കെ ഇടയ്ക്കിടെ കാര്യങ്ങള്‍ പറയാനായി കോളേജില്‍ വരുമായിരുന്നു. അതിനാല്‍ കുടുംബവുമായും നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു.

കോളേജില്‍ നിന്നും പഠിച്ചുപോയശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് ദില്‍ഷ അവിടേക്ക് വന്നത്. എന്നാല്‍ കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലുമൊക്കെ വെച്ച് പലതവണ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം പഴയതുപോലെ അടുത്തുവന്ന് ഏറെ സംസാരിക്കുമെന്നും അദ്ദേഹം ഓര്‍ക്കുന്നു.

പഠനത്തില്‍ വലിയ മികവ് പുലര്‍ത്തിയിരുന്നില്ലെങ്കിലും പഠിക്കുന്ന കാലത്തേ തനിക്ക് എന്തെങ്കിലുമൊക്കെ ആകണമെന്ന സ്വപ്നം മനസില്‍ കൊണ്ടുനടക്കുന്ന ആളായി തോന്നിയിട്ടുണ്ട്. അതിനായി ദില്‍ഷ ഏറെ പരിശ്രമിക്കുകയും ചെയ്തു. ദില്‍ഷയുടെ നേട്ടത്തില്‍ അധ്യാപകനെന്ന നിലയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.