വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി കൊയിലാണ്ടിയിലെ പ്രധാന കഞ്ചാവ് വിൽപനക്കാരൻ മുഹമ്മദ് റാഫി പിടിയിൽ


കൊയിലാണ്ടി: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ മുഹമ്മദ് റാഫി (39)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാളില്‍ നിന്നും 1050 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, 24000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സി.ഐ എന്‍.സുനില്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐമാരായ എം.എന്‍ അനൂപ്, ജയകുമാരി, എ.എസ്.ഐ. സുബ്രഹ്‌മണ്യന്‍ സി.പി.ഒ മാരായ ഷെറിന്‍ രാജ്, ബിനീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഇയാള്‍ നേരത്തെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണെന്ന് സി.ഐ.സുനില്‍കുമാര്‍ പറഞ്ഞു. കാസര്‍കോടു നിന്നും കഞ്ചാവ് കൊയിലാണ്ടിയില്‍ എത്തിച്ച് വീട്ടില്‍ നിന്നും ചെറുപൊതികളാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഇയാളുടെ വീട്ടിലെത്തി കഞ്ചാവ് ശേഖരിക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഞായറാഴ്ച വൈകീട്ടായിരുന്നു റെയ്ഡ്. നേരത്തെ 130 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസടക്കം ഇയാള്‍ക്കെതിരെയുണ്ട്. കഞ്ചാവ് വലിച്ചതിനും വാഹനത്തില്‍ സൂക്ഷിച്ചതിനുമായി എക്‌സൈസും പൊലീസിനും മുമ്പും ഇയാളെ പിടികൂടിയിരുന്നു.

Summary: Koyilandi native arrested for keepin cannabis at home