അഞ്ച് ദിവസം മുമ്പ് കാണാതായി, അന്വേഷണം എത്തിയത് പൂട്ടിക്കിടന്ന വീട്ടില്‍, ജനല്‍വഴി നോക്കിയപ്പോള്‍ തറയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം; കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശിയായ മധ്യവയസ്‌കന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സംശയം
തിരുവങ്ങൂര്‍: കേരഫെഡിന് സമീപമുള്ള ആളോഴിഞ്ഞ വീട്ടില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് സംശയം. തിരുവങ്ങൂര്‍ സ്വദേശിയായ കുന്നംവള്ളി അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയാറ് വയസായിരുന്നു.
ഇന്നലെ രാത്രിയാണ് കേരഫെഡിന് സമീപമുള്ള വീട്ടില്‍ അജിത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഉള്ളിലെ മുറിയുടെ തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അഞ്ചുദിവസത്തോളമായി അജിത് കുമാറിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തിരുവങ്ങൂര്‍ പരിധിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേരഫെഡിന് സമീപത്തുള്ള വീട്ടില്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ആള്‍താമസമില്ലാത്ത ഈ വീട് വാടകയ്ക്ക് കൊടുക്കുകയും മറ്റും ചെയ്തിരുന്നത് അജിത് കുമാറായിരുന്നു. വീട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണോയെന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അകത്തുകയറി ജനല്‍ വഴി പരിശോധിച്ചപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
ഇന്ന് രാവിലെ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവങ്ങൂര്‍ കുന്നംവള്ളി ഉണ്ണിനായരുടെയും അമ്മു അമ്മയുടെയും മകനാണ് അജിത് കുമാര്‍. അവിവാഹിതനാണ്.