തട്ടുകടയിലെ സംഘർഷം; കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് മരിച്ചു, പ്രതി പിടിയിൽ
കോട്ടയം: ഏറ്റുമാനൂരില്‍ സംഘർഷ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവില്‍ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്ബായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിൻ കാരിത്താസിലെ തട്ടുകടയില്‍ സംഘർഷം സൃഷ്ടിക്കുകയായിരുന്നു.
ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും, പ്രശ്നം ഉണ്ടാക്കിയാല്‍ അകത്ത് കളയുമെന്നും പറഞ്ഞു. ഇതോടെ, ക്ഷുഭിതനായ പ്രതി ശ്യാമിന് നേരെ പാഞ്ഞടുക്കുക യായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്യാമിനെ മർദ്ദിച്ച പ്രതി , ഇയാള്‍ നിലത്ത് വീണതോടെ നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. ഈ അക്രമ സംഭവങ്ങള്‍ കണ്ടാണ് രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ എസ് ഷിജി സ്ഥലത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട ഉടൻ തന്നെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു.
ഇതോടെ പിന്നാലെ ഓടിയ പോലീസ് സംഘം പ്രതിയെ പിടികൂടി. ഇതിന് ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ശ്വാം ജീപ്പിനുള്ളില്‍ കുഴഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി രണ്ട് മണിയോടെ ശ്യാമിൻ്റെ മരണം സംഭവിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയില്‍. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അടക്കം ഉള്ള ഉദ്യോഗസ്ഥർ കാരിത്താസ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി.
Summary: Kottayam Police Officer Kicked to Death by Assailant; The young man is under arrest