കൂരാച്ചുണ്ടിലെ സിപിഎം നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.എം സ്‌കറിയ മാസ്റ്റര്‍ അന്തരിച്ചു
കൂരാച്ചുണ്ട്: മലയോര മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതിനിര്‍ണ്ണായകമായ പങ്കുവഹിച്ച എം.എം സ്‌കറിയ മാസ്റ്റര്‍ മുറിഞ്ഞു കല്ലേല്‍ അന്തരിച്ചു. എണ്‍പതെട്ട് വയസ്സായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചത്.
എം.എം.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌കറിയാ മാസ്റ്റര്‍ കൂരാച്ചുണ്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മറ്റി അംഗം, കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പൊറളി ബ്രാഞ്ച് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരികയായയിരുന്നു.
1995 മുതല്‍ 2000 വരെയും 2005 മുതല്‍ 2010 വരെയും രണ്ടു ഘട്ടങ്ങളിലായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കൂരാച്ചുണ്ടിന്റെ മുഖച്ഛായ മാറ്റിയ നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സാധിച്ച വ്യക്തിയാണ്. നിര്‍മ്മല്‍ പുരസ്‌കാരമുള്‍പ്പെടെ മികച്ച പഞ്ചായത്ത് എന്ന ബഹുമതിയും അക്കാലത്ത് പഞ്ചായത്തിന് ലഭിച്ചു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി അനിക്കാട്ട് സ്വദേശിയായിരുന്ന സ്‌കറിയാ മാസ്റ്റര്‍ 1956ലാണ് കൂരാച്ചുണ്ടിലേക്ക് കുടിയേറിയത്. കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്‌കൂളിലായിരുന്നു ആദ്യ നിയമനം. കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. പേരാമ്പ്ര സെന്റ് ജോര്‍ജ്ജ് എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരിക്കെയാണ് ജോലിയില്‍ നിന്നും വിരമിച്ചത്.
ഭാര്യ: റിട്ടയേര്‍ഡ് അധ്യാപിക ഏലിക്കുട്ടി. മക്കള്‍: ഷാജി സ്‌കറിയ (എറണാകുളം), ഷൈനി സ്‌കറിയ (അയര്‍ലന്‍ഡ് ) ഷെറ്റി സ്‌കറിയ (ന്യൂയോര്‍ക്ക്) ഷിജു സ്‌കറിയ (ആസ്‌ട്രേലിയ), ഷീന സ്‌കറിയ (ബംഗളൂരു).
മരുമക്കള്‍: ജെസ്സി (എറണാകുളം), പിന്റോ (അയര്‍ലന്‍ഡ്), എഡ്വിന്‍ (ന്യൂയോര്‍ക്ക്), ബിജു (ബംഗളൂരു), ശാലിനി (ആസ്‌ട്രേലിയ).
സഹോദരങ്ങള്‍: അനിയന്‍ (വെച്ചൂച്ചിറ), കുഞ്ഞൂഞ്ഞച്ചന്‍ (പത്തനംതിട്ട), മോളി (ആനിക്കാട് പത്തനം തിട്ട), പരേതരായ മത്തായി (ഇടുക്കി), തോമസ്, മാത്തുണ്ണി (പാലക്കാട്).
മൃതദേഹം തിങ്കളാഴ്ച്ച വീട്ടില്‍ എത്തിക്കും. അന്നേ ദിവസം രാവിലെ 9 മുതൽ 10 വരെ കൂരാച്ചുണ്ട് എ.കെ.ജി മന്ദിരത്തിലും 10.30 ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിസരത്തും തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ വീട്ടിലും പൊതുദർശനമുണ്ടാകും. പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും. മെയ് 15 ന് 4 മണിക്കാണ് ഭൗതിക ശരീരം മെഡിക്കൽ കോളേജിന് കൈമാറുക.