ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, കൊടിയേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും
കൊയിലാണ്ടി: ജാതിഭേദമന്യേ കൊയിലാണ്ടിക്കാര്‍ ഒരു മനസായി ആഘോഷിക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. നാടും നാട്ടുകാരും അക്ഷമരായി കാത്തിരിക്കുന്ന കാളിയാട്ട മഹോത്സവം വെള്ളിയാഴ്ചയാണ് ആരംഭിക്കുകയാണ്. ക്ഷേത്രത്തിലും പരിസരത്തും എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
നാളെ രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങിന് ശേഷം ഏഴ് മണിയോടെയാണ് ഉത്സവത്തിന് കൊടിയേറുക. കൊടിയേറ്റത്തിന് ശേഷം കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്ന് ആദ്യവരവ് പിഷാരികാവ് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും എത്തും.
കോവിഡ് മഹാമാരി ഉയര്‍ത്തിയ ഭീതി ഒഴിഞ്ഞ ശേഷം പൂര്‍ണ്ണതോതില്‍ ആഘോഷങ്ങള്‍ അരങ്ങേറുന്‌ന രണ്ടാമത്തെ കാളിയാട്ടമാണ് ഇത്തവണത്തെത്. അതിനാല്‍ തന്നെ മുന്‍വര്‍ഷത്തെക്കാള്‍ ഗംഭീരമാക്കാനാണ് ക്ഷേത്രം അധികൃതരുടെയും ജനങ്ങളുടെയും തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ കാളിയാട്ട മഹോത്സവത്തിന്റെ സമയത്ത് കോവിഡ് ഭീഷണിയുടെ കരിനിഴലുണ്ടായിരുന്നതിനാല്‍ അന്നദാനം ഉള്‍പ്പെടെയുള്ള പല പരിപാടികളും റദ്ദാക്കിയിരുന്നു.
കൊടിയേറ്റത്തിന്റെ തലേദിവസമായ വ്യാഴാഴ്ച തന്നെ ക്ഷേത്രത്തില്‍ ജനത്തിരക്ക് പ്രകടമാണ്. ദേശീയപാതയില്‍ നേരിയ ഗതാഗതക്കുരുക്കും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ദൂരെദിക്കുകളില്‍ നിന്ന് പോലും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തുന്ന ഉത്സവമായതിനാല്‍ എല്ലാ വര്‍ഷവും കാളിയാട്ട മഹോത്സവത്തിന്റെ തിരക്കേറിയ ദിവസങ്ങളില്‍ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്.
ഉത്സവാഘോഷത്തിന്റെ കൊഴുപ്പ് കൂട്ടാനായി വൈവിധ്യമാര്‍ന്ന കലാപാരിപാടികളും ഒരുക്കിയിട്ടുണ്ട്. കൊടിയേറ്റ ദിവസമായ നാളെ വൈകീട്ട് ഏഴ് മണിക്ക് കൊല്ലം യേശു നയിക്കുന്ന ഗാനമേള ഉണ്ടാകും. ശനിയാഴ്ച രാത്രി മെഗാ ഷോയും ഞായറാഴ്ച രാത്രി പിഷാരികാവ് കലാക്ഷേത്രവും കൊരയങ്ങാട് കലാക്ഷേത്രവും സംയിക്തമായി അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. തിങ്കളാഴ്ച രാത്രി നാടകം ഇവന്‍ രാധേയന്‍. കൂടാതെ ചെറിയവിളക്ക് ദിവസം ക്ഷേത്രാങ്കണത്തില്‍ ഓട്ടംതുള്ളലും അരങ്ങേറും.
മേളപ്രേമികളെയും ഒട്ടും നിരാശപ്പെടുത്താത്ത കാളിയാട്ടമാണ് ഇത്തവണത്തെത്. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത്,മട്ടന്നൂര്‍ ശ്രീരാജ്, കലാമണ്ഡലം ബലരാമന്‍, ഗോപീകൃഷ്ണ മാരാര്‍, കലാമണ്ഡലം അരുണ്‍ കൃഷ്ണ കുമാര്‍, പനമണ്ണ ശശി, സദനം രാജേഷ്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, പോരൂര്‍ ഹരിദാസ് മാരാര്‍, ഷഗിലേഷ് കോവൂര്‍, സച്ചിന്‍രാഥ് കലാലയം, ജഗന്നാഥന്‍, തൃക്കുറ്റിശ്ശേരി ശിവശങ്കരന്‍ മാരാര്‍, മണ്ണാര്‍ക്കാട് ഹരി, കലാമണ്ഡലം സനൂപ്, ചെറുതാഴം ചന്ദ്രന്‍ മാരാര്‍ എന്നിങ്ങനെ നിരവധി വാദ്യകലാ പ്രതിഭകള്‍ അണിനിരക്കുന്ന മേളങ്ങളും തായമ്പകകളും പാണ്ടിമേളവുമെല്ലാം ഇത്തവണ പിഷാരികാവിലുണ്ടാകും.