‘കഴിഞ്ഞ ദിവസം വരെ മഹല്ല് പരിപാടിയിൽ മുന്നിൽ നിന്നവനായിരുന്നു, ഇനിയവൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’;നാദാപുരം റോഡിൽ നടന്ന കാറപകടത്തിൽ മരിച്ച മുഹമ്മദ് സിനാന് വിട നൽകാനൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: ”ഒരിക്കൽ പരിചയപ്പെട്ട ആരും അവനെ മറക്കില്ല, അത്രയും നല്ല പെരുമാറ്റമായിരുന്നു…ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്നില്ലെന്നത് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല….”നാദാപുരം റോഡിൽ ഇന്നലെയുണ്ടായിരുന്ന കാറപകടത്തിൽ മരിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പിൽ മുഹമ്മദ് സിനാനെക്കുറിച്ച് മദ്രസ അധ്യാപൻ ആസിഫ് സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
നബിദിനവുമായി ബന്ധപ്പെട്ട് അപകടത്തിന് തൊട്ട് തലേ ദിവസം വരെ പരിപാടികളിൽ സജീവമായിരുന്നു. ഇസത്തുൽ ജുമാ മഹല്ല് കമ്മറ്റിയുടെ എല്ലാ പരിപാടികളിലും എപ്പോഴും സിനാൻ സജീവമായിരുന്നു. മഹല്ല് കമ്മിറ്റിയുടെ യൂത്ത് വിംഗ് ഭാരവാഹി കൂടിയായ സിനാൻ കഴിഞ്ഞ ദിവസം നബിദിന ആഘോഷവുമായി ബന്ധപ്പെട്ട ദഫ്മുട്ട് അവതരിപ്പിച്ചിരുന്നു മാത്രമല്ല, മഹല്ലിലെ കുട്ടികളുടെ ദഫ്മുട്ട് ട്രൈയിനർ കൂടിയായിരുന്നു.
കൊയിലാണ്ടി മാപ്പിള സ്‌ക്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. സ്‌പോർട്‌സിലായിരുന്നു കൂടുതൽ സജീവം. കഴിഞ്ഞ വർഷം നടന്ന കോഴിക്കോട് ജില്ലാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കേരള ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. ബോക്‌സിംങ്ങിനൊപ്പം ഫുട്‌ബോളിലും സജീവമായിരുന്നു. കൊയിലാണ്ടി മാപ്പിള സ്‌ക്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കിയ ശേഷം മറ്റൊരു കോഴ്‌സിനായി തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്.
ഗൾഫിലേക്ക് പോകുന്ന സുഹൃത്തിനെ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കി തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്ച രാവിലെയോടെയാണ് നാദാപുരം റോഡിൽ വച്ച് സിനാനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലൂടെ ഇരുചക്രവാഹനക്കാരൻ പെട്ടെന്ന് മുറിച്ചുകടന്നപ്പോൾ ഇയാളെ രക്ഷിക്കാൻ ശ്രമിക്കവേ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിന് പിന്നാലെ സിനാനെയും സുഹൃത്തുകളെയും വടകര സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിനാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വൈകുന്നേരത്തോടെ കൊയിലാണ്ടി മീത്തലെകണ്ടി ജുമാമസ്ജിദിൽ ഖബറടക്കും.
ഉപ്പ: അസീസ്. ഉമ്മ: സക്കീന.
സഹോരൻ: മുഹമ്മദ് നിഹാൽ.
[mid5]