കഴുത്തിന്‌ ചുറ്റുമുള്ള കറുപ്പ് നിറത്തെ അവഗണിക്കല്ലേ; പ്രമേഹത്തിന്റെ ലക്ഷണമാവാം!


പ്രായമായവരെപോലെ തന്നെ ചെറുപ്പക്കാരും പ്രമേഹം എന്ന രോഗത്താല്‍ വിഷമിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറുപ്രായത്തിലും പ്രമേഹം പിടിപെടുന്നവരുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ പാരമ്പര്യമായി മറ്റുള്ളവരിലേക്കും രോഗം എത്താറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹരോഗത്തെ നിസാരമായി ഒരിക്കലും കാണാരുത്. എന്നാല്‍ കൃത്യമായി ശ്രദ്ധിച്ച് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യസമയത്ത് പരിശോധിച്ചില്ലെങ്കിൽ പ്രമേഹരോഗം ഗുരുതരമാകും. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്രമേഹത്തെക്കുറിച്ച് സൂചന നൽകുന്ന ലക്ഷണങ്ങളെകുറിച്ച് അറിയാം.

1- ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. രക്തത്തിൽ ഗ്ലൂക്കോസ് അധികമായാൽ, വൃക്കകൾ അത് ഫിൽട്ടർ ചെയ്യാൻ കഠിനമായി പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി മൂത്രമൊഴിക്കൽ വർദ്ധിക്കുന്നു.

2- മുഖത്തും കഴുത്തിലുമായി കറുപ്പ് കണ്ടാൽ അവ​ഗണിക്കരുത്. ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. ശരീരത്തിൽ അധിക ഇൻസുലിൻ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്. കക്ഷത്തിലും ഈ പാടുകൾ ചിലപ്പോൾ കാണാനാകും.

3- വളരെ വേഗത്തില്‍ ശരീരഭാരം കുറയുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം. അകാരണമായി ശരീരഭാരം വല്ലാതെ കുറയുന്നതായി അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം

4- ശരീരത്തിന്റെ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രമേഹമുള്ളവര്‍ക്ക് അമിതമായ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അതേസമയം, അമിത വിശപ്പിന് മറ്റ് കാരണങ്ങളുമുണ്ടാകും. ഡോക്ടറെ കണ്ട് കാരണം മുൻപേതന്നെ കണ്ടെത്തുന്നതാണ് നല്ലത്.

5- രക്തത്തിലെ പഞ്ചസാര ഉയർന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് തലകറക്കമാണ്. പലരും ക്ഷീണമോ മറ്റ് പല പ്രശ്നങ്ങൾ കൊണ്ടാണെന്നോ കരുതുന്നു. ഇത് പ്രമേഹം മൂലമാണെന്ന് അറിയാൻ പലർക്കും പ്രയാസമാണ്.

6- കാഴ്ചയിൽ കാര്യമായ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ, അത് പ്രമേഹത്തിന്റെ മുന്നറിയിപ്പായേക്കാവുന്നതിനാൽ ഒരു ഡോക്ടറെ കണ്ട് പരിശോധിക്കുന്നത് നല്ലതാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാര കണ്ണുകളെ ബാധിക്കുന്നു. ഇത് മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുന്നു.

Description: Know the symptoms that indicate diabetes