അധികം വൈകാതെ തന്നെ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും; നിങ്ങളുടെ ഫോണിലും 5ജി ലഭിക്കുമോ എന്നറിയേണ്ടേ? എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം


ഫോണുപയോഗിക്കാത്തവരായി ആരുമില്ല. എന്നാല്‍ നമ്മുടെ ഫോണില്‍ ലഭ്യമാവുന്ന പല സേവനങ്ങളെക്കുറിച്ചും നമ്മള്‍ക്ക് ശരിയായ രീതിയില്‍ അറിവില്ല എന്നതാണ് വസ്തുത.

അധികം വൈകാതെ തന്നെ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ എയര്‍ടെല്‍ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4ജിയേക്കാള്‍ പത്തിരട്ടി വേഗം 5ജിക്ക് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

പുതിയ പല സ്മാര്‍ട്ഫോണുകളിലും 5ജി കണക്റ്റിവിറ്റിയുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഫോണില്‍ 5ജിയുണ്ടോ എന്ന് അറിവുണ്ടാവണം എന്നില്ല. മാത്രവുമല്ല, ഒരേ പേരിലുള്ള ഫോണുകളില്‍ തന്നെ 5ജി ഉള്ളതും ഇല്ലാത്തതുമായ പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. നിങ്ങളുടെ ഫോണില്‍ 5ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

വാങ്ങിയ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുന്നതാണ് എളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ എന്തെല്ലാം ആണെന്ന വിവരങ്ങള്‍ ഉണ്ടാവും.

ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്സില്‍ സിം ആന്റ് നെറ്റ്വര്‍ക്ക്‌സ് സൈറ്റിങ്സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ് വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ.

നിലവില്‍ ലഭ്യമായ 4ജി സിമ്മുകള്‍ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. 3ജിയില്‍നിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തത് പോലെ സിംകാര്‍ഡ് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വരില്ല. അത് ആവശ്യമെങ്കില്‍ അതാത് ടെലികോം സേവന ദാതാക്കള്‍ അറിയിക്കും.

summary: know in detail how to check if the 5G services are available on your phone