‘ഞങ്ങള്‍ക്കും പറയാനുണ്ട്’; ക്ഷേമ പദ്ധതികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി വയോജന ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം കായണ്ണ പഞ്ചായത്ത് കമ്മിറ്റി
പേരാമ്പ്ര: വയോജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ വയോജന ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കായണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന റെയില്‍വേയാത്രാ നിരക്കിലെ ഇളവ് പുനഃസ്ഥാപിക്കുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിക്കുക, വയോമിത്രം പദ്ധതി ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
പൂതേരി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.ഗോപാലന്‍ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി പി.ഗംഗാധരന്‍ നായര്‍, കെ.കെ.നാരായണന്‍, കെ.വിജയന്‍ നായര്‍, കെ.സി.നാരായണന്‍, പി.പി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.കെ.ഗോപാലന്‍ (പ്രസിഡന്റ്), കെ.കെ.നാരായണന്‍ (സെക്രട്ടറി), ടി.പി.ബാലന്‍ നായര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.