‘അവർ തിരിച്ചും മറിച്ചും ചോദിക്കും, പൈസ കൊടുക്കരുത്’; സൈബർ തട്ടിപ്പുകാർക്കെതിരെ പ്രചാരണവുമായി കേരളാ പോലിസ്


കൊല്ലം: കുറ്റം ചെയ്തതായി ആരോപിച്ച് ഫോണിലോ ഓൺലൈനിലോ പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവുമായി കേരളാ പോലിസ്. പോലീസിന്റെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാൻ ദൃശ്യം സിനിമയിൽ ഒരുക്കിയ സീനാണ് പ്രചാരണത്തിന് വേണ്ടി കേരള പോലീസ് ഉപയോഗിച്ചിരിക്കുന്നത് . ”അവർ മൂന്നാമതും വന്നു ചോദിക്കുമെന്നാ കേൾക്കുന്നേ. അവർ തിരിച്ചും മറിച്ചും ചോദിക്കും, പൈസ കൊടുക്കരുത്” എന്ന് സന്ദേശത്തിൽ പറയുന്നു.

ദൃശ്യം സിനിമയിലെ കഥാപാത്രം ജോർജ്കുട്ടി കുടുംബാംഗങ്ങളോട് പറയുന്ന രീതിയിലാണ് ചിത്രീകരണം. ”ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെന്നു പറഞ്ഞായിരിക്കും വിളിക്കുന്നത്. യൂണിഫോമിൽ വീഡിയോ കോൾവരെ ചെയ്‌തേക്കാം. എന്തൊക്കെ പറഞ്ഞാലും പണം കൈമാറരുത്. ഉടൻതന്നെ 1930-ൽ വിളിച്ച് സൈബർ പോലീസിനെ വിവരം അറിയിക്കണം”.

നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ലെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.