ഗോൾ, ഗോൾ, ഗോൾ; കോഴിക്കോടിന്റെ മണ്ണിൽ ഗോൾ മഴ പെയ്യിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണു കേരളം തോല്‍പ്പിച്ചത്. നിജോ ഗില്‍ബെര്‍ട്ട്, മുഹമ്മദ് സലീം, അബ്ദു റഹീം, വൈശാഖ് മോഹനന്‍, വിഗ്നേശ് എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലായിരുന്നു.
കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ 16-ാം മിനുട്ടില്‍ കേരളത്തിന്റെ സൂപ്പര്‍താരം നിജോ ലീഡ് സമ്മാനിച്ചു. 19-ാം മിനുട്ടില്‍ ഡിഫന്റര്‍ സലീമിലൂടെ രണ്ടാം ഗോളും കേരളം നേടി. ആന്ധ്രപ്രദേശ് താരങ്ങള്‍ പ്രതിരോധം ശക്തമാക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇതിനിടെ, ആന്ധ്രയുടെ മുന്നേറ്റങ്ങളും ഗോള്‍ നേടാനുള്ള അവസരങ്ങളും കേരളം തകര്‍ത്തു. ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ (45+4) കേരളത്തിന്റെ മൂന്നാം ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ റഹീമായിരുന്നു ഇത്തവണത്തെ സ്‌കോറര്‍.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കേരളം മത്സരിച്ച് കളിച്ചു. പല അവസരങ്ങളും ആന്ധ്രയുടെ പ്രതിരോധകോട്ടയില്‍ തട്ടി തെറിച്ചു. മത്സരത്തിന്റെ 53-ാം മിനുട്ടില്‍ കേരളം സ്‌കോര്‍ നാലിലേക്ക് ഉയര്‍ത്തി. കേരളത്തിന് ലഭിച്ച കോര്‍ണര്‍ ഹെഡ് ചെയ്ത് വൈശാഖ് വല കുലുക്കുകയായിരുന്നു. വീണ്ടും കേരളം സ്‌കോര്‍ ചെയ്യാന്‍ ശ്രമങ്ങള്‍നടത്തി കൊണ്ടിരുന്നു. 63-ാം മിനുട്ടില്‍ കേരള ക്യാപ്റ്റന്‍ വിഗ്‌നേഷ് സ്‌കോര്‍ ചെയ്തതോടെയാണ് ആതിഥേയരുടെ ഗോള്‍ വര്‍ഷം അവസാനിച്ചത്.
കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച കേരളം, രണ്ടാം മത്സരത്തില്‍ ബിഹാറിനേയും തകര്‍ത്തു.
Summary: kerala beat andra pradesh byfive goals in santosh trophy