പ്രതിസന്ധിയുടെ കാലത്തെ ആത്മപ്രതിരോധമാണ് വായനയെന്ന് ജില്ലാ ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ കെ.ഇ.എന്‍


കുറ്റ്യാടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി പുസ്തകച്ചന്തയിലെ വായന, സമൂഹം, പ്രതിരോധം എന്ന ശീര്‍ഷകത്തില്‍ സായാഹ്ന വര്‍ത്തമാനം സംഘടിപ്പിച്ചു. പരിപാടിയില്‍ കെ.ഇ.എന്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രതിസന്ധിയില്‍ പ്രതിരോധം തീര്‍ക്കാനുള്ള ആത്മാവിഷ്‌കാരങ്ങളാണ് എഴുത്തും വായനയും മനുഷ്യന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷരങ്ങള്‍ പിറവിയെടുക്കുന്നതിന് മുമ്പ് മനുഷ്യന്‍ നടത്തിയ പരിസ്ഥിതി വായനയാണ് അവനെ മുന്നോട്ട് നയിച്ചത്. പുതിയ കാലത്തെ സമസ്യകള്‍ക്കുള്ള സര്‍ഗ്ഗാത്മക പ്രതിരോധമായി വായനയെ അനുഭവിക്കാന്‍ മനുഷ്യന് കഴിയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. എന്‍.സി.കുമാരന്‍, റഷാദ് വി.എം, എന്‍.പി.സക്കീര്‍, അദീബ് പൂനൂര്‍, നൗഷാദ് കുറ്റ്യാടി തുടങ്ങിയവര്‍ സംസാരിച്ചു.