സാഹസികത ഇഷ്ടപ്പെടുന്നവരും മലകയറാനാഗ്രഹമുള്ളവരും കൊടുവള്ളിയിലേക്ക് പോരൂ; കരൂഞ്ഞിമല കാണേണ്ടത് തന്നെയാണ്!


രെയും കൊതിപ്പിക്കുന്ന വിനോദസഞ്ചാര ഇടമാവുകയാണ് കരൂഞ്ഞി മലയും തൊട്ടടുത്തുള്ള നെടുമലയും. കാടിന്റെ മനോഹരമായ പച്ചപ്പും ശബ്ദങ്ങളും തണുപ്പുമെല്ലാം ആസ്വദിച്ചുള്ള യാത്രയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

കൊടുവള്ളിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്രചെയ്താല്‍ മാട്ടുപ്പൊയില്‍ എത്താം. ഇവിടെനിന്ന് ഒരു കിലോമിറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. യാത്ര പകുതിയെത്തുമ്പോള്‍ പുരാതന കാലത്തെ ഗുഹ കാണാം. കിലോമീറ്ററുകളോളം നീളമുള്ള ഗുഹക്കുള്ളിലേക്ക് കയറിച്ചെല്ലുന്നത് സാഹസികമായ അനുഭവമാണ്.അത്ര എളുപ്പമല്ല ഗുഹായാത്ര പൂര്‍ത്തിയാക്കല്‍. നിങ്ങളൊരു സാഹസിക സഞ്ചാരിയല്ലെങ്കില്‍ യാത്ര പകുതിവെച്ച് നിര്‍ത്താനാണ് സാധ്യത.

മലയുടെ ഉച്ചിയിലാണ് വ്യൂ പോയിന്റ്. മനോഹരമായ പാറക്കെട്ടുകളില്‍ ഇരിപ്പുറപ്പിച്ച് സമയം ചെലവഴിക്കാം, കാഴ്ചകള്‍ കാണാം, മലനിരകളുടെ ഭംഗി പകര്‍ത്താം. മലയുടെ താഴ്വാരത്തില്‍ കുന്നമംഗലം, ആര്‍ഇസി, കൊടുവള്ളി പട്ടണങ്ങള്‍ കാണാം.

സൂര്യോദയവും അസ്തമയവും മോഹിപ്പിക്കുന്ന കാഴ്ചയും അനുഭവവുമാണ്. മഞ്ഞിന്റെ അടരുകളിലൂടെ സൂര്യന്‍ തലപൊക്കുന്നത് കാണാം. ഈ കാഴ്ചതേടി നൂറുകണക്കിന് സഞ്ചാരികള്‍ പ്രഭാതത്തിലെത്താറുണ്ട്.

കരൂഞ്ഞിമലക്ക് സമീപത്തുള്ള നെടുമലയും സന്ദര്‍ശകരുടെ ഇഷ്ടതാവളമാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കും റിസോര്‍ട്ടുകളുമുണ്ട്. ഒഴിവുദിനങ്ങളില്‍ കുട്ടികളടക്കം നിരവധി പേരാണ് പാര്‍ക്കില്‍ എത്തുന്നത്.