ഇത്തവണ പെട്ടത് കര്‍ണ്ണാടക ആര്‍.ടി.സി! കോഴിക്കോട് കെ.എസ്.ആര്‍.ടി..സി ടെര്‍മിനലില്‍ നിന്ന് ഇറക്കുന്നതിനിടെ കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് റോഡില്‍ കുടുങ്ങി, ഗതാഗതം തടസപ്പെട്ടു


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസ് കുടുങ്ങി. കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സാണ് റോഡിലേക്ക് ഇറക്കുന്നതിനിടെ കുടുങ്ങിയത്. അടിഭാഗം നിലത്ത് തട്ടിയതാണ് ബസ് കുടുങ്ങാന്‍ കാരണമായത്.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബസ്സിന്റെ പിറക് വശമാണ് നിലത്ത് തട്ടിയത്. ഇതേ തുടര്‍ന്ന് മാവൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് മാറ്റിയത്. മരവും കല്ലും ഉപയോഗിച്ച് ഉയര്‍ത്തിയാണ് ബസ് നീക്കിയത്.

ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് അര മണിക്കൂറോളമാണ് ഗതാഗത തടസമുണ്ടായത്. ട്രാഫിക് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

നേരത്തേയും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ ഇത്തരത്തില്‍ ബസ്സുകളുടെ അടിഭാഗം തട്ടി റോഡില്‍ കുടുങ്ങിയിട്ടുണ്ട്. ടെര്‍മിനലിലെ റാമ്പ് നിര്‍മ്മിച്ചതിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐരാവത്, വോള്‍വോ ബസ്സുകള്‍ ടെര്‍മിനലിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ് പുറത്തേക്ക് ഇറക്കാറ്. എന്നാല്‍ ഞായറാഴ്ച കിഴക്ക് ഭാഗത്തെ കവാടത്തിലൂടെയാണ് ബസ് ഇറക്കിയത്.

നേരത്തേ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ട്രാക്കില്‍ കേരള ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസ്സുകള്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.