നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍; നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി കൂരാച്ചുണ്ട് സ്വദേശി ശ്രീജേഷ് യാത്രയായി
കൂരാച്ചുണ്ട്: കുടുംബത്തിന്റെ കൈതാങ്ങായ ശ്രീജേഷ് പതിവുപോലെ അന്നും വീട്ടില്‍ നിന്ന് ജോലിക്കായി പോയതായിരുന്നു. എന്നാല്‍ വിധി കരുതിവച്ച അപകടം പെടുന്നനെ ശ്രീജേഷിന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കിയാണ് ശ്രീജേഷ് എന്ന മുപ്പത്തെട്ടുകാരന്‍ യാത്രയായത്.
കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടന്നു.
നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ ശ്രീജേഷ് മരപ്പണിക്കാരനായാണ് ജോലി ചെയ്തിരുന്നത്. മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ ശ്രീജേഷിനെ കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ജാനു. ഭാര്യ: ജിസ്ന. മക്കള്‍: ശ്രീജില്‍, ശ്രീജിക, ശ്രീദിയ, ശ്രീദിക. സഹോദരങ്ങള്‍: ശ്രീജ, റീന, റിനീഷ്.