കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി
പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറി.
ക്ഷേത്രം കർമ്മി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരൻ പൂവൻകുന്ന്, സുകുമാർ ശ്രീകല, പി.കെ.കുഞ്ഞിരാമൻ, പി.കെ.നാരായണൻ, കെ.പി.ബാബു, കല്ലോട്ട് രാജൻ, കമ്മിറ്റി ഭാരവാഹികളായ പ്രകാശൻ കിഴക്കയിൽ, കെ.എം. മനോജ്, എസ്. പ്രദീപ്, ബബിലേഷ് കുമാർ, സബീഷ് പണിക്കർ, ടി.പി. സുനിൽ എന്നിവർ പങ്കെടുത്തു.
മാർച്ച് 14ന് വൈകീട്ട് ഷൊർണ്ണൂർ പാതിരിക്കുന്നത് മനഃ സദാനന്ദൻ നമ്പൂതിരിപ്പാടിൻറെ മുഖ്യ കാർമികത്വത്തിൽ സർപ്പബലി നടക്കും. മാർച്ച് 15ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്, നട്ടതിറയും തുടർന്ന് കെ.പി. സജീവൻ അവതരിപ്പിക്കുന്ന കുട്ടിയാട്ടൻ എന്ന നാടകവും,കോഴിക്കോട് നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന വാമൊഴിചിന്ത് എന്ന പരിപാടിയും അരങ്ങേറും.
മാർച്ച് 16ന് അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീർക്കുലവറവ്, ഭഗവതി, ഗുളികൻ, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും നടക്കും. മാർച്ച് 17ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും നടക്കും. വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഉത്സവപരിപാടികൾ സമാപിക്കും.