ഇത് കാരുണ്യത്തിന്റെ രുചിയുള്ള ബിരിയാണി! ഇവാന്‍ ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ ഒന്നേ കാല്‍ ലക്ഷം നല്‍കി പേരാമ്പ്ര കളിക്കളം ട്രസ്റ്റ്


പേരാമ്പ്ര: ഗുരുതര ജനിതക രോഗമായ എസ്.എം.എ രോഗം ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ
രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി പേരാമ്പ്ര കളിക്കളം ട്രസ്റ്റ് ബിരിയാണി ചലഞ്ചിലൂടെ
1,25,000 രൂപ സമാഹരിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് വി.പി.ഷിജുവില്‍ നിന്നും ചികിത്സാ കമ്മിറ്റി ഭാരവാഹി ശിഹാബ് കന്നാട്ടി ഫണ്ട് ഏറ്റുവാങ്ങി. സെക്രട്ടറി സി.കെ.ഹാഫിസ്, കെ.എം.ഷൈനീഷ്, വി.വി.ഷൈജു, പി.കെ.അജിത്ത്, വി.വി.പ്രസീത്,
ടി.ആര്‍.രാഹുല്‍, വി.ജെ.ഷാജി എന്നിവര്‍ സന്നിഹിതരായി.

ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി കല്ലുള്ളതില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് ഇവാന് അടുത്തിടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുവയസായിട്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത കുട്ടിക്ക് കഴിഞ്ഞ ഒരു വര്‍ഷമായി പലവിധ ചികിത്സകള്‍ നടത്തിവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് എസ്.എം.എ രോഗം സ്ഥിരീകരിച്ചത്.

ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 18 കോടിയിലധികം ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നായ സൊള്‍ജെന്‍സമ എന്ന ഇന്‍ഞ്ചെക്ഷന്‍ എത്രയും പെട്ടെന്ന് നല്‍കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. വളരെ പാവപ്പെട്ട കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവാന്റെ ചികിത്സയ്ക്കായി നാട് ഒന്നിച്ചുനില്‍ക്കുന്നത്.