‘അച്ഛന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല, അതോടെയാണ് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കാണണമെന്ന് തീരുമാനിച്ചത്’ മുഖ്യമന്ത്രിയെക്കാണാനായി വീടുവിട്ടിറങ്ങിയ ആവള ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവനന്ദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
പേരാമ്പ്ര: ശനിയാഴ്ച സന്ധ്യയോടടുത്തിട്ടും മകന്‍ ദേവനന്ദ് വീട്ടിലെത്താതായതോടെ വേളം കാക്കുനി നമ്പാംവയലിലെ തറക്കണ്ടി രാജീവന്റെ വീടും വീട്ടുകാരും ആകെ ആശങ്കയിലായിരുന്നു. സ്‌കൂളില്‍ വിളിച്ച് കാര്യം തിരിക്കിയപ്പോള്‍ മകന്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലയെന്ന മറുപടി കൂടിയായപ്പോള്‍ ആധി ഇരട്ടിച്ചു. ഒടുക്കം രാത്രി പത്തുമണിയോടെ മകന്‍ തിരുവനന്തപുരത്തുണ്ടെന്ന് അറിയുന്നതുവരെ ആ പ്രദേശവും ദേവനന്ദിന്റെ ബന്ധുക്കളുമെല്ലാം തിന്ന തീയ്ക്ക് കണക്കില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അച്ഛന്‍ അനുഭവിക്കുന്ന പ്രസായങ്ങള്‍ കണ്ടപ്പോള്‍ താന്‍ ഒന്നും ആലോചിച്ചില്ലെന്നാണ് തന്റെ തിരോധാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേവനന്ദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ” പണം തിരിച്ചടയ്ക്കാനുള്ള സ്ഥാപനത്തില്‍ നിന്നും ഇടയ്ക്കിടെ അച്ഛനെ വിളിക്കുമായിരുന്നു. അഞ്ച് അടവ് മുടങ്ങിയിട്ടുണ്ട്. ഇനി അത് കൂടുമ്പോള്‍ പ്രശ്‌നങ്ങളും കൂടും. അതിനു മുമ്പെ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്.’ ദേവനന്ദ് പറയുന്നു.
” ചെരുപ്പ് വാങ്ങാനായി അമ്മ തന്ന പൈസ കയ്യിലുണ്ടായിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോള്‍ അധിക ദിവസവും ഫോണ്‍ എടുക്കാറില്ല. രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. വടകരയിലേക്കാണ് പോയത്. അവിടെ നിന്നും ട്രെയിനില്‍ തിരുവനന്തപുരത്തെത്തി. വീട്ടുകാര്‍ ടെന്‍ഷനടിക്കുമെന്നെല്ലാം അറിയാം. അവിടെ എത്തിയിട്ട് വീട്ടിലേക്ക് വിളിച്ചു പറയാമെന്നാണ് കരുതിയത്. അതിനിടയിലാണ് പൊലീസുകാര്‍ സംശയം തോന്നി ചോദ്യം ചെയ്തതും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതും.” ദേവനന്ദ് പറയുന്നു.
എന്തായാലും തന്റെ ലക്ഷ്യം സാധിച്ചതിന്റെ സംതൃപ്തിയുണ്ട് ദേവനന്ദിന്റെ വാക്കുകളില്‍. വീട്ടുകാരും നാട്ടുകാരും അല്പം മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചു. തന്റെ കുടുംബം നേരിടുന്ന പ്രയാസങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി ഒരിക്കലും ഇതുപോലെ വീട്ടുകാരോട് പറയാതെ ഇങ്ങനെ ഇറങ്ങിപ്പോകരുതെന്ന് അദ്ദേഹം താക്കീത് ചെയ്തിട്ടുണ്ട്. എന്നെ കാണണമെങ്കില്‍ അച്ഛനെയും കൂട്ടി വന്നാല്‍പോരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചതായി ദേവനന്ദ് പറഞ്ഞു.
ആവള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ദേവനന്ദിനെ ശനിയാഴ്ചയാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് ദേവനന്ദ് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ദേവനന്ദിന്റെ അച്ഛന്‍ രാജീവന്‍ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ ദേവനന്ദന്‍ രാത്രി 9 മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ പോലീസുകാര്‍ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നല്‍കിയ പൊലീസ് കുട്ടി സുരക്ഷിതനാണെന്ന് അച്ഛന്‍ തറക്കണ്ടി രാജീവനെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ആണ് വന്നത് എന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.