ആശങ്കയുടെ അണക്കെട്ട് നിറയുന്നു; കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


പേരാമ്പ്ര: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിലും കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. കക്കയം അണക്കെട്ടില്‍ 2478.5 അടിയായും പെരുവണ്ണാമൂഴിയില്‍ 39.51 മീറ്ററായുമാണ് വര്‍ധിച്ചത്. ജലനിരപ്പ് വര്‍ധിച്ചാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2487 അടിയാണ് കക്കയം ഡാമിന്റെ പരമാവധി സംഭരണശേഷി. 2485 അടിയാകുമ്പോള്‍ ഡാമില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കും. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് കക്കയം ഡാമിലേക്ക് ഇപ്പോള്‍ വെള്ളം ഒഴുക്കുന്നില്ല. കനത്ത മഴ തുടരുകയും ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കക്കയത്തേക്ക് തുറന്ന് വിടുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുകയും ഷട്ടര്‍ തുറക്കേണ്ടിയും വരും.

കക്കയത്ത് ഇപ്പോള്‍ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ഇപ്പോള്‍ നടക്കുന്നത്. അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ വെള്ളം തുറന്നുവിടാനാണ് ഇപ്പോള്‍ അനുമതി. തിരുവളളൂര്‍, വില്യാപ്പളളി, ആയഞ്ചേരി, നാദാപുരം, കൂത്താളി, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട്, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, വേളം, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

77.287 മില്യന്‍ ക്യുബിക് മീറ്ററാണ് പെരുവണ്ണാമൂഴി അണക്കെട്ടിന്റെ സംഭരണശേഷി. നിലവില്‍ 73.12 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. പെരുവണ്ണാമൂഴി ഡാമിലെ നാല് ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. ഇന്നലെ 77 മില്ലിമീറ്റര്‍ ലഭിച്ച ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.