പോരാട്ടവീര്യമാര്‍ന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ കക്കറമുക്ക് നാളെ പോളിംങ് ബൂത്തിലേക്ക്; വിജയം ഇരുപാര്‍ട്ടികള്‍ക്കും അനിവാര്യം
ചെറുവണ്ണൂര്‍: വാശിയേറിയ പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡായ കക്കറമുക്ക് നാളെ പോളിംഗ് ബൂത്തിലേക്ക്. ഭരണം നിലനിര്‍ത്താന്‍ യുഡി.എഫും ഭരണം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും കിണഞ്ഞു പരിശ്രമിക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും അനിവാര്യമാണ്. എല്‍.ഡി.എഫിനായി കെ.സി ആസ്യയും യു.ഡി.എഫിനായി പി മുംതാസും ബി.ജെ.പിക്ക് വേണ്ടി എം.കെ ശലിനയും ഉള്‍പ്പെടെ ഏഴോളം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
15 വാര്‍ഡുകളുള്ള ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ ഇരു മുന്നണികള്‍ക്കും ഏഴ് വീതം സീറ്റുകളാണുള്ളത്. 15ാം വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.ടി രാധയുടെ മരണത്തോടെയാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എല്‍.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 15ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ പ്രതിനിധിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.ടി രാധ അധികാരത്തില്‍ വരികയായിരുന്നു.
ഇ.ടി രാധയുടെ മരണശേഷം ഇരു മുന്നണികള്‍ക്കും തുല്യ അംഗബലമാവുകയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് സ്ഥാനം ലഭിക്കുകയും ചെയ്തു. നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ മുന്നിലെ വെല്ലുവിളിയെങ്കില്‍ കിട്ടിയ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനുള്ളതാണ് യു.ഡി.എഫിനു മുന്നിലെ കടമ്പ.
ഓരോ വോട്ടും വിലപ്പെട്ടതായതിനാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഇരുമുന്നണികളും അരയും തലയും മുറുക്കി ദിവസങ്ങളായി ശക്തമായ പ്രചാരണ പരിപാടികളാണ് വാര്‍ഡില്‍ നടത്തിയത്. കൂടാതെ പ്രമുഖരായ മുന്നണി നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് പൊതു യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രചാരണങ്ങള്‍ക്കൊടുവില്‍ വാര്‍ഡിന്റെ ആസ്ഥാനമായ കക്കറമുക്ക് അങ്ങാടിയില്‍ കഴിഞ്ഞ ദിവസം വമ്പന്‍ കലാശക്കൊട്ടാണ് നടന്നത്. കലാശക്കൊട്ടില്‍ എല്‍.ഡി.എഫിന് വേണ്ടി അജയ് ആവളയും ഗഫൂറും സംസാരിച്ചപ്പോള്‍ യു.ഡി.എഫിന് വേണ്ടി വി. ബി. രാജേഷും ബി.ജെ.പിക്ക് വേണ്ടി കെ.കെ രജീഷും സംസാരിച്ചു. ഇന്നും ഇന്നലെയുമായി നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.
മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
summary: kakkaramukk, the 15 ward of Cheruvannur panchayath, by-election on tomorrow