വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം: ഡിവൈഎഫ്‌ഐ നേതാവ് റിബേഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൗണ്ടേഴ്‌സ് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ്. റിബേഷിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് നടപടി.
ആറങ്ങോട്ട് എം.എല്‍.പി സ്‌കൂളിലെ അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.
സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ സന്ദേശം എവിടെ നിന്നാണ് ലഭിച്ചത് എന്നകാര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം റിബേഷ് പോലീസിനോട് വെളിപ്പെടുത്തിയില്ല എന്നതാണ് വിവരം. സംഭവത്തില്‍ പോലീസ് റിബേഷിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കും അയച്ചിരുന്നു.
സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും, വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സ്ക്രീൻഷോട്ട് വിവാദത്തിൽ ആരോപണവിധേയനായ റിബേഷിനെ അധ്യാപക ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഇന്നലെ സ്‌ക്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
Description: Kafir Screen Shot Controversy: Public Education Department Announces Inquiry Against DYFI Leader