ചെളിക്കുളമായി റോഡ്; കടിയങ്ങാട് പെരുവണ്ണാമൂഴി പാതയില്‍ യാത്ര ദുരിതത്തില്‍


 

പേരാമ്പ്ര: റോഡിലെ കുണ്ടും കുഴിയും യാത്ര ദുരിതത്തിലായി ജനങ്ങള്‍. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലാണ് പൊട്ടിപ്പൊളിഞ്ഞറോഡ് കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ടാവുന്നത്. എന്നാല്‍ കാലങ്ങളായി പ്രശ്‌നം നിലനില്‍ക്കുന്നെങ്കിലും പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതും വിവിധ സ്ഥലങ്ങളില്‍ മെയിന്‍ കനാല്‍ ചോര്‍ച്ചയും കാരണം വെള്ളം റോഡിലേക്ക് ഒഴുകുകയും ഇത് തകര്‍ന്ന റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഇടയാക്കുകയും ചെയ്തു. ഇതോടെ ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവാകുകയാണ്.

ലാസ്റ്റ് പന്തിരിക്കര ഒറ്റക്കണ്ടം റോഡ്, കുവ്വപ്പൊയില്‍ പാറ്റയില്‍ ഭാഗം എന്നിവിടങ്ങളില്‍ വെള്ളം ചോര്‍ന്ന് റോഡ് ചളിക്കുളമായതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ ഭാഗങ്ങളില്‍ റോഡിന്റെ ഒരു വശത്ത് ഓവുചാല്‍ നിര്‍മ്മിച്ചാല്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കാനും റോഡ് തകര്‍ച്ചക്ക് പരിഹാരമാവുകയും ചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.