‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്.

റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും ഇരുചക്രവാഹനങ്ങളിൽ പോകുന്ന യാത്രക്കാരാണ്.

സഹികെട്ട ജനങ്ങള്‍ റോഡ് പണി നടത്തുന്ന കരാറുകാരെ ബന്ധപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. റോഡ് പണി ഉടന്‍ നടക്കുമല്ലോ, പിന്നെന്തിനാണ് അറ്റകുറ്റപ്പണി നടത്തുന്നത് എന്നായിരുന്നു അവരുടെ മറുപടി. സ്കൂൾ തുറന്നതിനാൽ കുട്ടികളെ കയറ്റി വരുന്ന ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന റോഡായതിനാൽ പ്രശ്നം ഉടൻ പരിഹരിക്കേണ്ടത് അത്യാവശ്യമായിരുന്നു.

തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ വിഷയത്തില്‍ ഇടപെടുന്നത്. പന്തിരിക്കര മേഖലാ കമ്മിറ്റിയാണ് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചത്. ഇതിന്റെ ഭാഗമായി അവര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ നേരിട്ട് വിളിച്ചു. തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥയുടെ ചിത്രങ്ങള്‍ മന്ത്രിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി ഉടന്‍ കരാറുകാരെ വിളിച്ച് അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ അറ്റകുറ്റപ്പണികള്‍ കഴിയുന്നത് വരെ മറ്റ് ജോലികളെല്ലാം നിര്‍ത്തി വയ്ക്കാനുള്ള കര്‍ശന നിര്‍ദ്ദേശവും മന്ത്രി കരാറുകാര്‍ക്ക് നല്‍കി.

മന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതോടെ കരാറുകാര്‍ ഉടന്‍ റോഡിലെ കുഴികള്‍ യാത്രായോഗ്യമാക്കാനുള്ള ജോലികള്‍ തുടങ്ങി. വെറും രണ്ട് ദിവസം കൊണ്ടാണ് പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടലിലൂടെ ഒരു നാടിനാകെ സുഗമമായ യാത്ര സാധ്യമാക്കാനുള്ള സാഹചര്യമൊരുങ്ങിയത്.

അടിയന്തിരമായ ഇടപെടല്‍ നടത്തി യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കിയ മന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. ഇത്തരം ഇടപെടലുകളിലൂടെ യാത്രാദുരിതമുള്ള റോഡുകള്‍ നേരെയാക്കാന്‍ കഴിയുമെന്ന് ഡി.വൈ.എഫ്.ഐ തെളിയിച്ചുവെന്നാണ് പലരും വിലയിരുത്തുന്നത്. ഇത്തരം മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും പലരും പറയുന്നു.