‘പോലീസ് വീട്ടിലെത്തിയപ്പോൾ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി’; പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൂപ്പിക്കട സ്വദേശി കസ്റ്റഡിയിൽ


പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കുന്ന സൂപ്പിക്കട എള്ളുപറമ്പില്‍ സമീറാണ് കസ്റ്റഡിയിലുള്ളത്. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോൾ സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയ രം​ഗങ്ങൾക്കിടയാക്കി.

വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു സമീർ ചെയ്തത്. കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര അഗ്‌നി രക്ഷാനിലയത്തില്‍ നിന്ന് അസിസ്സന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദിന്റെ നേതൃത്ത്വത്തില്‍ സേനാം​ഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

ഈ സമയം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട സമീറിനെ വീടിനു സമീപത്ത് നിന്നും പിടികൂടി. തുടര്‍ന്ന് ഷമീറിനെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി. സമീര്‍ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പന്തിരിക്കര സ്വദേശി ഇർഷാദ് മൂന്ന് മാസങ്ങൾ മുമ്പാണ് വിസിറ്റിം​ഗ് വിസയിൽ വിദേശത്തേക്ക് പോയത്. എന്നാൽ ജൂലെെ 14-ന് ഇയാൾ നാട്ടിലെത്തിയിരുന്നെങ്കിലും ഇത് വീട്ടിലുള്ളവർ അറിഞ്ഞിരുന്നില്ല. കടത്തികൊണ്ടുവന്ന സ്വർണ്ണം ആവശ്യപ്പെട്ടുള്ള വിളികളാണ് പിന്നീട് വീട്ടിലേക്ക് എത്തിയത്. 17 ഇർഷാദ് വീട്ടിലെത്തിയെങ്കിലും പ്രശ്നപരിഹാരത്തിനായി വീട്ടിൽ നിന്നിറങ്ങി. പിന്നീട് കെട്ടിയിട്ട് അവശ നിലയിലായ മകന്റെ ഫോട്ടോയാണ് കുടുംബക്കാർ കാണുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Summary: “When the police reached home, they opened the gas and threatened to commit suicide. Kadiyangad native taken into custody in connection with the kidnapping of Irshad, a native of Panthirikkara