രക്ഷപ്പെടുന്നതിനിടിയിൽ മൊബെെൽ ഫോൺ നഷ്ടപ്പെട്ടു, ചങ്ങരോത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച കേസിൽ കടിയങ്ങാട്, ചങ്ങരോത്ത് സ്വദേശികൾ അറസ്റ്റിൽ
പേരാമ്പ്ര: ചങ്ങരോത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കടിയങ്ങാട് കോവുമ്മൽ മീത്തൽ സ്റ്റാലിൻ (31), ചങ്ങരോത്ത് കരിങ്കണ്ണികുന്നുമ്മൽ സരയൂജ് (24)എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച മൊബെെൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ആഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11.50 -ന് ചങ്ങരോത്ത് കുളക്കണ്ടത്തിൽ പുതിയോട്ടിൽ കടയ്ക്ക് സമീപം റോഡരികിൽ കോൺഗ്രസ് സ്ഥാപിച്ച കൊടിമരം യുവാക്കൾ മുറിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് സമീപവാസികൾ എത്തിയപ്പോൾ രണ്ടുപേർ ബൈക്കിൽ രക്ഷപ്പെടുന്നത് കണ്ടിരുന്നു. തുടർന്ന് പോലീസിനെ വിവരമറിച്ചു. കൊടിമരത്തിനടുത്തുനിന്ന് മൊബൈൽ ഫോൺ ലഭിക്കുകയും ചെയ്തു.
സ്ഥലത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണാണ് പ്രതികളെ കണ്ടെത്താൻ സഹായകമായതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൊബൈൽ ഫോൺ സ്റ്റാലിന്റേതാണെന്നും ഇത് കോടതിക്ക് കൈമാറിയതായും പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റുചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു.
Summary: kadiyangad and chagaroth natives arrested in case of vandalizing Congress flagpole in Changarot