‘കേന്ദ്ര-കേരള സർക്കാറുകൾ ആശവർക്കർമാരോടും അംഗനവാടി ജീവനക്കാരോടും കരുണ കാണിക്കണം’; വില്യാപ്പള്ളിയിലെ മഹാത്മാഗാന്ധി കുടുംബ സംഗമ വേദിയില്‍ കെ.മുരളീധരന്‍


വില്യാപ്പള്ളി: ഇന്ത്യൻ പൗരൻമാരെ കൈവിലങ്ങിട്ട് അപമാനിതരാക്കി, വായിൽ പഴം തള്ളിക്കയറ്റി മിണ്ടാതിരുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ മാനം കളഞ്ഞെന്നും മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ.മുരളീധരൻ. വില്യാപ്പള്ളി ചല്ലിവയലിൽ വാർഡ് 16 കോൺഗ്രസ്സ് കമ്മിറ്റിയുടെ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേരളത്തിലെ ജനങ്ങളുടെ ആശയും പ്രതീക്ഷയും നഷ്ടപ്പെടുത്തിയ പിണറായി ആശവർക്കർമാരോട് ചെയ്യുന്ന ക്രൂരത മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്ന് പറയാന്‍ ഇവിടെ പല സാംസ്‌കാരിക നായകർക്കും കഴിഞ്ഞില്ല. സമരകാഹളം മുഴക്കി കേരളത്തിൽ പിറന്ന് വീണ കമ്മ്യൂണിസ്റ്റ് സർക്കാർ സമരങ്ങളുടെ അന്തകരായി മാറുകയാണ്. കേന്ദ്ര-കേരള സർക്കാറുകൾ ആശവർക്കർമാരോടും അംഗനവാടി ജീവനക്കാരോടും കുറച്ചെങ്കിലും കരുണ കാണിക്കണമെന്നും അദ്ധേഹം പറഞ്ഞു.

കേരളം മയക്കുമരുന്നിന്റേയും രാസലഹരിയുടേയും ഹബ്ബായി മാറുന്നത് തടയാൻ പിണറായി സർക്കാർ പോലീസിന് ശക്തമായ നിർദ്ദേശം നൽകുന്നില്ല. കേരളത്തിൽ ദിവസം തോറും കൊലപാതക പരമ്പര നടക്കുകയാണ്. കമ്യൂണിസ്റ്റ്‌ ഭരണത്തിന് പകരം ക്യാപ്‌റ്റൻ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് രജീഷ് പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. കെ.പി ജീവാനന്ദൻ, പി.സി ഷീബ, സി.പി ബിജു പ്രസാദ്, എൻ.ബി. പ്രകാശ് കുമാർ, ടി.ഭാസ്കരൻ, ഷീല പത്മനാഭൻ, അജ്മൽ മേമുണ്ട, പടിയുള്ളതിൽ സുരേഷ്, ടി.ടി മോഹനൻ, രാജീവൻ കോളോറ, അമീർ കെ.കെ എന്നിവർ പ്രസംഗിച്ചു. അംബുജാക്ഷൻ പി.എം സ്വാഗതം പറഞ്ഞു. നിധീഷ് എസ്.കെ നന്ദി പറഞ്ഞു. ചടങ്ങിൽ മുൻകാല കോൺഗ്രസ്സ് നേതാക്കളെ കെ.മുരളീധരൻ ആദരിച്ചു.

Description: K. Muraleedharan at the Mahatma Gandhi Kudumba Sangam venue in Vilyappally