രണ്ട് മാസത്തെ കാത്തിരിപ്പ്; സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറയിലെ ജോയലിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; തിരിച്ചറിഞ്ഞത് ഡി.എന്‍.എ പരിശോധനയിലൂടെ


ചക്കിട്ടപാറ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയല്‍ തോമസിന്റെ (28) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ആഗസ്റ്റ് അല്‍ ബഹ പ്രവിശ്യയില്‍ അല്‍ ഗറായിലെ അപകടത്തിലാണ് ജോയല്‍ മരിച്ചത്. ചക്കിട്ടപ്പാറ പുരയിടത്തില്‍ വീട്ടില്‍ തോമസിന്റെയും മോളിയുടെയും മകനാണ്.

ശനിയാഴ്ച ഉച്ചക്ക് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി പത്ത് മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോയിന്റ് കണ്‍വീനറുമായ പന്തളം ഷാജിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം ഉണ്ടായത് മുതല്‍ പന്തളം ഷാജി നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇടപെട്ടിരുന്നു. ജോയലിന്റെ ബന്ധുക്കളായ ജോഫിന്‍ ജോണിനും ജോഫിന്റെ സുഹൃത്ത് എബിനും കൂടെയുണ്ടായിരുന്നു.

ഡി.എന്‍.എ ഫലം വന്ന് മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ഗറാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസം എമ്പാമിങ്ങിനായി ജിദ്ദയിലേക്ക് മാറ്റിയിരുന്നു. ബന്ധു ജോഫിന്‍ ജോണ്‍ മൃതദേഹത്തെ അനുഗമിക്കും.

ആഗസ്ത് 9ന്‌ ഉണ്ടായ അപകടത്തില്‍ ജോയല്‍ തോമസ് അടക്കം നാല് പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശ് മുക്കറം ഇസ്ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനും മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനത്തിന് തീ പിടിച്ചതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാന്‍ ശ്രമം നടത്തിയെങ്കിലും അത് വിഫലമായതോടെ ജോയിന്റെ സഹോദരന്‍ ജോജി സൗദിയിലെത്തി ഡി.എന്‍.എ സാമ്പിള്‍ നല്‍കുകയായിരുന്നു.

Description: Joel’s body will be brought home tomorrow