‘മേൽക്കൂര വാർക്കാനായി പലകയടിച്ച് കമ്പികെട്ടിയിട്ട് മൂന്ന് മാസം, ജനകീയ കമ്മിറ്റി വീട് നിർമാണം പാതിവഴിയിലാക്കി’; പരാതിയുമായി പേരാമ്പ്ര സ്വദേശിയും കുടുംബവും
പേരാമ്പ്ര: വീട് നിർമ്മാണം പാതിവഴിയിലാക്കി ജനകീയ കമ്മിറ്റി വഞ്ചിച്ചെന്ന പരാതിയുമായി പേരാമ്പ്ര സ്വദേശിയും കുടുംബവും. പേരാമ്പ്ര ഹൈസ്കൂളിനടുത്ത് തൊണ്ടി കറ്റ്യാട്ട് മീത്തൽ സന്തോഷും ഭാര്യ ശ്രീജയുമാണ് പരാതിയുമായി രംഗത്തെത്തിയത്. നിർമ്മാണം ആരംഭിച്ച് രണ്ട് വർഷമായിട്ടും വീട് പണി പൂർത്തിയാക്കിയില്ല, വീട് കോൺക്രീറ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. പഞ്ചായത്തംഗം ഭാരവാഹിയായുള്ള ജനകീയ കമ്മിറ്റിയാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്.
നിർമാണ തൊഴിലാളിയായിരുന്ന സന്തോഷ് രോഗംമൂലം ഏറെക്കാലമായി ചികിത്സയിലാണ്. കുടലിൽ അൾസർ സംബന്ധമായ അസുഖമായതിനാൽ ജോലിക്ക് പോകാറില്ല. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി നിരവധി പേർ സഹായവുമായെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗം ഉൾപ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ച് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിക്കുന്നത്. 2021 ജനുവരിയിലാണ് ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് സമാഹരണം നടത്തിയത്.
മൂന്ന് മാസം മുമ്പ് മൂന്ന് മാസം മുമ്പ് വീടിന്റെ മേൽക്കൂര വാർക്കാനായി പലകയടിച്ച് കമ്പികെട്ടിയെങ്കിലും കോൺക്രീറ്റ് നടന്നിട്ടില്ല. മെറ്റലും കമ്പിയും സിമന്റുമെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. പഞ്ചായത്തംഗത്തെ പലവട്ടം കണ്ടുവെങ്കിലും അനുകൂലമായ പ്രതികരണമില്ലാത്തതിനെ തുടർന്ന് പൊലീസിൽ പരാതിനൽകുകയായിരുന്നെന്നും കുടുംബം പറഞ്ഞു. പഞ്ചായത്തംഗം അർജുൻ കറ്റയാട്ടിന്റെ നേതത്വത്തിലുള്ള കമ്മിറ്റിയാണ് വീട് നിർമ്മിച്ച് നൽകുന്നത്.
നിലവിൽ ടാർപോളിൻ മേഞ്ഞ ഷെഡിലാണ് സന്തോഷും ഭാര്യയും ഏകമകളും കഴിയുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ കഴിയണമെന്ന കുടുംബത്തിന്റെ സ്വപ്നമാണ് എങ്ങുമെത്താതെ പ്രതിസന്ധിയിലായിരിക്കുന്നത്.