‘ഒരു പടക്കമാണ് വീടിന്റെ പറമ്പിൽ നിന്ന് കണ്ടെത്തിയത്, പരാതി ലഭിച്ചത് മാല കാണാനില്ലെന്ന്’; ബാലുശ്ശേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിൽ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


ബാലുശ്ശേരി: പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞുവെന്ന് ആരോപണം. മൂരാട്ട്കണ്ടി സഫീറിന്റെ വീടിന് നേരെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. എന്നാൽ വീട്ടിൽ നിന്ന് മാല കാണാതെ പോയി എന്ന പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നു ബാലുശ്ശേരി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

‘വീട് തുറന്നു കിടക്കുകയായിരുന്നുവെന്നും മാല കാണാതെ പോയെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. പോയപ്പോൾ വീട് പൂട്ടാൻ മറന്നുവെന്നാണ് വീട്ടുകാരുടെ വാദം. എന്നാൽ രാത്രിയിൽ ചെന്ന് പരിശോധിക്കുമ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നതായാണ് കണ്ടത്. വീട് തുറന്നു കിടന്നുവെന്ന വാദം വിശ്വസനീയമല്ല എന്ന് പോലീസ് പറഞ്ഞു.

പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തി. പരിശോധനയില്‍ വീടിന്റെ പറമ്പിൽ നിന്നും ഒരേ ഒരു പടക്കം കണ്ടെത്തിയതെന്ന് പറഞ്ഞു.

പാലോളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്ന ശേഷം പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പൊലീസുകാര്‍ക്കും സ്‌ഫോടനം നടന്നതായി അറിവില്ല.

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ജിഷ്ണുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് മൂരാട്ട്കണ്ടി സഫീര്‍. ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.