ഇൻവോൾവ് പത്താം വാർഷികാഘോഷം; വടകരയിൽ ഹരിതകർമ്മ സേന പ്രവർത്തകർക്ക് സ്നേഹാദരം
വടകര: വടകര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഇൻവോൾവ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ പി.പി.രാജൻ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളായ ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ, വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിലെയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ മാതൃകപരമായ സേവനങ്ങൾ നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ എം.എൽ.എ കൈമാറി.
ദശ വാർഷികാഘോഷ ലോഗോ രൂപകൽപ്പന ചെയ്ത ഷിബിൻ (ലോഗിൻ ഓർക്കാട്ടേരി) നുള്ള ഉപഹാരവും എം.എൽ.എ സമ്മാനിച്ചു. തുടർന്ന് ഫസ്റ്റ് എയ്ഡ് ആൻഡ് ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഷയത്തിൽ പ്രാഥമിക അവബോധം നൽകുന്നതിനായുള്ള ക്ലാസും നടന്നു. എയ്ഞ്ചൽസ് വടകരയുമായി സഹകരിച്ചു കൊണ്ട് നടന്ന അവബോധ ക്ലാസ്, എയ്ഞ്ചൽസ് മുൻ ഡിസ്ട്രിക്ട് കോഡിനേറ്ററും പയ്യോളി ഗവൺമെണ്ട് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ എൻ.രാജേഷ് നയിച്ചു. ഇൻവോൾവ് പ്രസിഡന്റ് ഡോ. പി.സിഷ സംസാരിച്ചു.

വടകര നഗരസഭാ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ, ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ, ടി.വി.എ ജലീൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഇൻവോൾവ് ജനറൽ സെക്രട്ടറി ദീപേഷ്.ഡി.ആർ സ്വാഗതവും ട്രഷറർ പ്രേംജിത്ത് ലാൽ നന്ദിയും പറഞ്ഞു.
Summary: Involve 10th anniversary celebration; Respect to Harithakarma Sena activists in Vadakara