അന്താരാഷ്‌ട്ര സമുദ്രതീര ശുചീകരണ ദിനം; ചോമ്പാല ഹാർബറിന് സമീപത്തെ കടൽത്തീരം ശുചീകരിച്ചു
ചോമ്പാല: അന്താരാഷ്‌ട്ര സമുദ്രതീര ശുചീകരണ ദിനത്തിന്റെ ഭാഗമായി ചോമ്പാല ഹാർബറിന് സമീപത്തെ കടൽത്തീരം ശുചീകരിച്ചു. വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ “ഇൻറർനാഷണൽ കോസ്റ്റൽ ക്ലീൻ-അപ്പ് ക്യാമ്പയിൻ” നടന്നത്. സ്റ്റേഷൻ ലിമിറ്റിലെ ബീറ്റ്-3 ചോമ്പാല ഹാർബറിന്റെ വടക്കുഭാഗത്ത് വരുന്ന അഴിയൂർ പഞ്ചായത്തിലെ വാർഡ് 13,14,15 വാർഡുകളിലെ തീരമാണ് ശുചീകരിച്ചത്.
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പോലിസ് സബ് ഇൻസ്പെക്ടർ അബ്ദുൽസലാം വാർഡ് മെമ്പർമാരായ മാട്ടാണ്ടി പ്രമോദ്, പ്രീത പി കെ, കവിത അനിൽകുമാർ, അഴിയൂർ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുനീർ, മത്സ്യ പ്രവർത്തക സംഘത്തിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.