അനസ്സ് ആന്‍ഡ് അനസ്സ് എന്ന ഗ്യാങ് രൂപവത്കരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം, 25 ഓളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍; കോഴിക്കോട് സ്വദേശിയായ സഹായി ഓടിരക്ഷപ്പെട്ടു


കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍ അനസി(34)യാണ് പിടിയാലായിരിക്കുന്നത്. പ്രതിയോടെപ്പം ഉണ്ടായിരുന്ന സഹായി കോഴിക്കോട് സ്വദേശി അനസ് ഓടി രക്ഷപ്പെട്ടു.

കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രാത്രിയില്‍ കൊല്ലം റയില്‍വേ മെമു ഷെഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രം വാഹനം മോഷ്ടിച്ച് കടന്നുകളയാല്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ നൈറ്റ് പെട്രോളിങ് സംഘം സാഹസികമായി പിടികൂടിയത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്ന് വാഹനം മോഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലഗ്ഗുകള്‍, വയര്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, നിരവധി താക്കോലുകള്‍ തുടങ്ങിയവ കണ്ടെത്തി.

ഇരുവരും വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനവുമായി മറ്റ് ജില്ലകളില്‍ മോഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലാകുന്നത്. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് വാഹനം മോഷ്ടിച്ചെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മോഷണം നടത്താനുള്ള വന്‍ പദ്ധതിയാണ് പോലീസിന്റെ ജാഗ്രത മൂലം ഒഴിവായത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനത്തില്‍ കോഴിക്കോട് സ്വദേശി അനസ്സുമായി കറങ്ങിനടന്ന് കോട്ടയം ജില്ലയിലെ കറുകച്ചാലിലും മാല മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

ജയില്‍വാസ കാലയളവില്‍ പരിചയപ്പെട്ട അനസ്സുമാര്‍, അനസ്സ് ആന്‍ഡ് അനസ്സ് എന്ന ഗ്യാങ് രൂപവത്കരിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 25 ഓളം മോഷണം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധികുന്നതായും പോലാസ് പറഞ്ഞു.