ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ്; കോഴിക്കോട് സ്വദേശി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ, ഇടപാടുകാരിൽ നിന്നും വലിയ തുക തട്ടുന്നത് മോർഫിങ്ങിലൂടെ നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീക്ഷണിപ്പെടുത്തി


കൊച്ചി: ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി ടിജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് എൻഫോർസ്‍മെൻറ് ഡയറക്ടറേറ്റ് പറഞ്ഞു. 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തുറന്നത്.

289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതിൽ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വർഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ജനുവരിയിൽ 4 പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആൻറോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരാണ് അറസ്റ്റിലായത്.

ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്ത രേഖകൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം പ്രതികൾ കൈക്കലാക്കും. മോർഫിങ്ങിലൂടെ നഗ്‌നചിത്രങ്ങൾ കാട്ടി ഇടപാടുകാരിൽ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോൺ ആപ്പ് തട്ടിപ്പ്. കേസിൽ ഇനിയും കൂടുതൽ പേർ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു.