പയ്യോളിയില്‍ നഗരസഭാംഗത്തിന്റെ വീട്ടില്‍ കവര്‍ച്ച; ദിര്‍ഹവും 42,000രൂപയും നഷ്ടമായി


പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം നഗരസഭാംഗത്തിന്റെ വീട്ടില്‍ക്കയറി പണം കവര്‍ന്നു. കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 1200 യു.എ.ഇ ദിര്‍ഹവും 42,000 രൂപയുമാണ് നഷ്ടപ്പെട്ടത്.

സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഷഹനാസും കുടുംബവും. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മുകള്‍നിലയില്‍ ഓടിട്ടതായിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

രാത്രി 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറയില്‍ ഹാന്റ് വാഷ് ഒഴിച്ചതും അലമാരയുടെ പൂട്ട് തകര്‍ത്തതും ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസിലാവുന്നത്.

പയ്യോളി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് എസ്.എച്ച്.ഒ എ.കെ.സജീഷ്, എസ്.ഐ. പി.റഫീഖ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Summary: Burglary at the house of a municipal councilor in Payyoli; Dirham and Rs 42,000 were lost