കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും വിദേശകറന്‍സിയും കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടി. 2358 ഗ്രാം സ്വര്‍ണമിശ്രിതവും 1499 ഗ്രാം സ്വര്‍ണവും വിദേശകറന്‍സിയുമാണ് പിടിച്ചെടുത്തത്. സംഭവങ്ങളില്‍ നാലുപേര്‍ അറസ്റ്റില്‍.
കുവൈത്തില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലിയില്‍നിന്ന് 1086 ഗ്രാം, ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടനില്‍നിന്ന് 1272 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചത്. ഇരുവരും സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമിച്ചത്.
ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ മലപ്പുറം പൂന്താനം സ്വദേശി ചോലക്കല്‍ ഷഫീഖില്‍നിന്നാണ് 85.74 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചത്. ബാഗേജിനകത്ത് എമര്‍ജന്‍സി ലാംപിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. 1499 ഗ്രാമുള്ള സ്വര്‍ണബിസ്‌കറ്റുകളാണ് പരിശോധനയില്‍ കണ്ടെടുത്തത്.
കാസര്‍കോട് സ്വദേശി മുഹമ്മദ് അലിയില്‍നിന്നാണ് 17,430 യു.എ.ഇ ദിര്‍ഹം പിടിച്ചത്. ഇയാള്‍ മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലെ യാത്രികനായിരുന്നു.