തിരുവള്ളൂരിൽ എല്‍.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവം; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസ്
വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം വാങ്ങുന്നതില്‍ അഴിമതി ആരോപണം ഉന്നയിച്ച എല്‍ഡിഎഫ് വനിതാ ജനപ്രതിനിധികളെ അക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ എഫ്.എം മുനീര്‍, സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപാണ്ടി, പഞ്ചായത്തംഗം ഡി.പ്രജീഷ്, യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിം ഉള്‍പ്പെടെ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെയാണ് വടകര പോലീസ് കേസെടുത്തത്.
പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗത്തിനിടെയാണ് എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചത്. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി.സഫീറ, 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്‌ട്രീയ പാർടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ കളിക്കളത്തിനായി സെന്റിന് 61,000 രൂപ വിലയിൽ 90 സെന്റ് വാങ്ങിയത് സുതാര്യമായില്ല എന്നാണ് എൽ.ഡി.എഫ് ജനപ്രതിനിധികള്‍ ആരോപിക്കുന്നത്. പഞ്ചായത്തിലെ കുനിവയലിൽ സെന്റിന് 40,000 രൂപ വിലയിൽ ഭൂമി വാഗ്ദാനം ചെയ്ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാനോ തയ്യാറായില്ല. പകരം ചില സ്ഥല കച്ചവടക്കാരുടെ ഏജന്റുമാരായി ഭരണനേതൃത്വം മാറിയതായും എല്‍.ഡി.എഫ് ആരോപിക്കുന്നുണ്ട്.
എന്നാല്‍ സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. മുപ്പതാണ്ടിൽപരം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് തുടർച്ചയായി ഭരിച്ചിട്ടും കളിക്കളത്തിനായി ചെറുവിരൽ അനക്കാൻ കഴിയാത്ത കഴിവുകേടിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നായിരുന്നു യുഡിഎഫ് ജനപ്രതിനിധികള്‍ പറഞ്ഞത്.
Description: Incident of assault on LDF women panchayat members in Tiruvallur; Case against ten people