കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്


കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി. ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അതിന്റെ നിയമ തടസ്സങ്ങൾ എല്ലാം ഒഴിവാക്കി ടെൻഡർ ചെയ്യുന്നതു വരെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തയ്യാറാകാത്തതാണ് പരിപാടി ബഹിഷ്‌കരിക്കാൻ കാരണം.

ഏറെ പ്രതിസന്ധികളിലൂടെയാണ് കുറ്റ്യാടി ബൈപ്പാസിന്റെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തി നടന്നത്. ഓരോ ഘട്ടത്തിലും അന്നത്തെ എംഎൽഎ എന്ന നിലയിൽ പാറക്കൽ അബ്ദുള്ള സമയോചിതമായി ഇടപെടുകയും തടസം നീക്കിയുമാണ് മുന്നോട്ടു പോയത്. യാഥാർഥ്യമാക്കുന്നതിന് മുമ്പേതന്നെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രവൃത്തി ഉദ്ഘാടനത്തിന്ന് മുൻ എംഎൽഎ എന്ന നിലയിൽ പാറക്കൽ അബ്ദുല്ലയെ ക്ഷണിക്കണമെന്ന് യുഡിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഒരു കീഴ് വഴക്കമില്ല എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

യോഗത്തിൽ യുഡിഎഫ് ചെയർമാൻ പി കെ സുരേഷ് അധ്യക്ഷത വഹിച്ചു. വി പി മൊയ്തു, ശ്രീജേഷ് ഊരത്ത്, സി വി മൊയ്തു, കെ പി മജീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ സി കുമാരൻ, പി പി ആലിക്കുട്ടി, ലത്തീഫ് സി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹാഷിം നമ്പാട്ടിൽ, എസി മജീദ്, എം പി കരീം, ടി സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, മൊയ്തു കരങ്ങോട്ടുമേൽ, മഹമൂദ് എം എന്നിവർ സംസാരിച്ചു.