ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ്; വടകരയിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജ് സ്ലാബുകൾ പലയിടത്തും പൊട്ടിയ നിലയിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്


വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി റോഡിൻ്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഡ്രൈനേജിൻ്റെ കോൺക്രീറ്റ് സ്ലാബ് ഗുണനിലവാര മില്ലാത്തതാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വടകര അടക്കാത്തെരുവിലെ എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപമുള്ള ഡ്രൈനേജിന്റെ മുകൾഭാഗം സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കയറി പൊട്ടി അപകട നിലയിലാണ്.

ആഴ്ചകൾ കഴിഞ്ഞിട്ടും മാറ്റിസ്ഥാപിക്കാൻ നിർമ്മാണ കമ്പനി തയ്യാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ചത് കൊണ്ടാണ് ഇത്തരത്തിൽ വാഹനങ്ങൾ കയറിയപ്പോൾ സ്ലാബ് പൊട്ടിയതെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ്റ് സി.നിജിൻ പറഞ്ഞു.

സർവ്വീസ് റോഡിന് പല സ്ഥലങ്ങളിലും വീതി കുറവായതിനാൽ ഇത്തരത്തിൽ സ്ഥാപിച്ച സ്ലാബിന് മുകളിലൂടെയാണ് പലപ്പോഴും വാഹനങ്ങൾ കയറി യിറങ്ങുന്നത്. വടകരയിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ സ്ലാബ് പൊട്ടി അപകടാവസ്ഥയിലാണ് ഉള്ളത്. വടകര പുതിയ ബസ് സ്റ്റാൻഡ് മുതൽ അടക്കാത്തെരു ജംഗ്ഷൻ വരെ ഇത്തരത്തിലുള്ള ഡ്രൈനേജിന് മുകളിലൂടെയാണ് പല സ്ഥലത്തും വാഹനങ്ങൾ പോകുന്നത്.

സർവീസ് റോഡിനോട് സമീപം കാൽനടയാത്രക്കാർക്ക് നടക്കുന്നതിനുള്ള സൗകര്യം പോലുമില്ലാത്ത സാഹചര്യത്തിൽ അധികൃതർ പൊട്ടിയ സ്ലാബുകൾ മാറ്റാത്തത് ഏറെ പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജ കമണ്ഡലം കമ്മിറ്റി ആരോപിച്ചു.