പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തള്ളി റോഡിലെത്തിച്ച് തീയിട്ടു; പ്രതിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ചു
പയ്യോളി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ തള്ളിക്കൊണ്ടുപോയി റോഡരികിൽ പെട്രോളൊഴിച്ച് തീയിട്ടു. ഇന്ന് പുലർച്ചെ 2.30 മണിയോടെയായിരുന്നു സംഭവം. പ്രതിയായ യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി.
പയ്യോളി പുതിയോട്ടിൽ ഫഹദ് (36) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പയ്യോളി ഐ.പി.സി റോഡിൽ പുതിയേടത്ത് താഴെ സജിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ 56 വൈ 4308 ഇലക്ട്രിക് സ്കൂട്ടറാണ് അഗ്നിക്കിരയാക്കിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തള്ളി ക്കൊണ്ടുപോയി കതിരാറ്റിൽ ഹൈവെ ലിങ്ക് റോഡരികിൽ ഇട്ട് കത്തിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.
തീയാളുന്നത് ശ്രദ്ധയിൽ പെട്ട ഓട്ടോ ഡ്രൈവർമാരാണ് പ്രതിയെ ഓടിച്ചിട്ട് പിടിച്ചു പയ്യോളി പോലീസിൽ ഏൽപിച്ചത്. അക്രമാസക്തനായ പ്രതി പോലീസ് സ്റ്റേഷൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. ചില്ലുകൊണ്ട് കൈക്ക് മുറിവേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി നേരത്തേയും വിവിധ കേസുകളിൽ പ്രതിയാണെന്നാണ് അറിയുന്നത്.
Summary: In Payoli, the scooter parked in the backyard was pushed to the road and set on fire; The accused was chased by the auto drivers and caught and handed over to the police