മാലിന്യമുക്ത പാതയോരങ്ങളും ജലാശയങ്ങളും; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വരും ദിനങ്ങള്‍ ശുചീകരണയജ്ഞത്തിലേക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാനുള്ള തയ്യാറെടുപ്പില്‍. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും 9ാം തിയ്യതിക്കുള്ളില്‍ പാതയോര ശുചീകരണം നടത്തുവാനും 10ാം തിയ്യതി ടൗണ്‍ ശൂചീകരണം നടത്താനും 16ാം തിയ്യതി ജലാശയ ശുചീകരണം നടത്താനും തീരുമാനമായി. മേപ്പയ്യൂരില്‍ ചേര്‍ന്ന പഞ്ചായത്ത് ശുചീകരണ യജ്ഞശില്‍പ്പശാലയിലാണ് തീരുമാനമായത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചും മാലിന്യ സംസ്‌ക്കരണം, മഴക്കാല പൂര്‍വ്വ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ- പാര്‍ട്ടി നേതാക്കള്‍, സ്ഥാപന മേധാവികള്‍, വാര്‍ഡ് വികസന സമതി കണ്‍വീനര്‍മാര്‍, തൊഴിലാളി യൂനിയന്‍ വ്യാപാരി വ്യവസായി എ.ഡി.എസ്, സി.ഡി.എസ്, ഹരിത കര്‍മ്മസേന, സന്നദ്ധ – യുവജന സംഘടന, പ്രതിനിധികള്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വി.പി രമ, മെമ്പര്‍മാരായ ശ്രീ നിലയം വിജയന്‍, സറീന ഓളോറ, വി.പി ബിജു, ഗവ. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സമീര്‍, എസ്.ബി.ഐ മാനേജര്‍ സുജീഷ്, പഞ്ചായത്ത് അസി.സെക്രട്ടരി എം ഗംഗാധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സി.പി സതീശ്, വി.ഇ.ഒ. വിപിന്‍ദാസ്, പാര്‍ട്ടി പ്രതിനിധികളായ എന്‍.എം കുഞ്ഞിക്കണ്ണന്‍, സി.എം ബാബു, കെ.എം ബാലന്‍, എ.എം ഗിരീഷ് കുമാര്‍, മേലാട്ടു നാരായണന്‍ വ്യാപാര പ്രതിനിധികളായ ഷംസുദ്ദീന്‍ കമ്മന, വിനോദ് വടക്കയില്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീ ജയ, ഹരിത കര്‍മ സേന പ്രസിഡന്റ് ഷൈല. എന്നിവര്‍ സംസാരിച്ചു.