എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിക്ക് കാറിടിച്ച് പരിക്കേറ്റ സംഭവം; നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ കണ്ടെത്തി, പിടിയിലായത് പെരിങ്ങത്തൂർ സ്വദേശി


വടകര: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിക്ക് കാറിടിച്ച് പരിക്കേറ്റ സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ പിടിയിൽ. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ്‌ ഫാസിലാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്.

എടച്ചേരിയിലാണ് അപകടം നടന്നത്. ഓർക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്കൂട്ടറിൽ പുതുച്ചേരി രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് അപകട സ്ഥലത്ത് നിർത്താതെ ഫാസിൽ കാർ ഓടിച്ച് പോവുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ മിററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് എടച്ചേരി പൊലീസ് വാഹനവും ഡ്രൈവറേയും കണ്ടെത്തിയത്.

ഇന്ന് മാഹി പള്ളൂരിൽ നിന്നാണ് മുഹമ്മദ് ഫാസിലിനെ പോലിസ് പിടികൂടിയത്. വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ സോയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.