അരിക്കുളം ഗ്രാമ പഞ്ചായത്തില്‍ എല്ലാവർക്കും കുടിവെളളമെത്തിക്കും; ജലജീവന്‍ പദ്ധതി പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊയിലാണ്ടി: അരിക്കുളം ഗ്രാമ പഞ്ചായത്തില്‍ എല്ലാവർക്കും കുടിവെളളമെത്തിക്കാനുളള പ്രവര്‍ത്തനവുമായി ജലജീവൻ പദ്ധതി. 51.5 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നിന്ന് എത്തിക്കുന്ന വെളളം സംഭരിക്കാന്‍ വളേരി മുക്കില്‍ 9.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്ക് നിര്‍മ്മിക്കും. പതിനൊന്നാം വാര്‍ഡിലെ വളേരി മുക്ക് മലയില്‍ 15 സെന്റ് സ്ഥലം ഇതിനായി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ പറഞ്ഞു. സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കും.
വളേരി മുക്കില്‍ ടാങ്കിലേക്കുളള റോഡും നിര്‍മ്മിക്കണം. കുടിവെളള പദ്ധതി നടപ്പിലാക്കാനുളള സര്‍വ്വെ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുകളിലേക്കുളള കുടിവെളള കുഴലുകള്‍ സ്ഥാപിക്കാനുളള നടപടികളും തുടങ്ങി കഴിഞ്ഞു. കുടിവെള്ള കണക്ഷനുള്ള അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍ മുഖേന മുഴുവന്‍ കുടുംബങ്ങളിലേക്കും വിതരണം ചെയ്തതായി നിര്‍വഹണ സഹായ ഏജന്‍സിയായ കേരള ഗ്രാമനിര്‍മാണ സമിതിയുടെ അരിക്കുളം പഞ്ചായത്ത് പ്രതിനിധി ബിനില പറഞ്ഞു.
ടാപ്പ് കണക്ഷന്‍ വര്‍ക്കാണ് ആദ്യം ചെയ്യുന്നത്. എട്ട്, ഒന്‍പത്,10, 11 വാര്‍ഡുകളിലാണ് ഇപ്പോള്‍ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചായത്തിൽ പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ജല്‍ജീവന്‍ മിഷന്റെ 25 ബോര്‍ഡുകള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ തെരുവുനാടകവും സംഘടിപ്പിച്ചു.
ഗ്രാമീണ മേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് ലൈന്‍ വഴി ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും ധനസഹായത്തോടെ നടപ്പിലാക്കുന്നതാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 45 ശതമാനവും,സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനവും ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതവും ഉള്‍പ്പടെ 90 ശതമാനം ഗവണ്‍മെന്റ് സബ്‌സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ് എടക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.