പേരാമ്പ്രയില്‍ ഇലക്ട്രിക്ക് ഓട്ടോ തട്ടി അപകടം; മാധ്യമ പ്രവര്‍ത്തകന് പരുക്ക്


പേരാമ്പ്ര: പേരാമ്പ്ര വടകര റോഡില്‍ ആര്യ ടൂറിസ്റ്റ് ഹോമിന് സമീപം ഇലക്ട്രിക് ഓട്ടോ തട്ടി മാധ്യമ പ്രവര്‍ത്തകന് ഗുരുതര പരുക്ക്. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും പേരാമ്പ്ര പ്രസ് ക്ലബ്ബ് ട്രഷറും ജില്ല ഉപഭോക്തൃ സമിതി അംഗവും പേരാമ്പ്ര അര്‍ബണ്‍ സൊസൈറ്റി ജീവനക്കാരനുമായ ചിലമ്പ വളവിലെ ചിലമ്പ പൊയില്‍ അനില്‍കുമാര്‍ (54) നാണ് പരുക്കേറ്റത്.

ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അനില്‍ കുമാറിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പരുക്കേറ്റ അനില്‍ കുമാറിനെ തട്ടിയ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍ ഇയാളെ മറ്റൊരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഓട്ടോ ഇന്നലെ വൈകുന്നേരത്തോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്.